ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനൊന്നു വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു. കൊത്തിപൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഷാഫിപൂരിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് പിതാവിനൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ കാണാതായത്.

രാത്രി ഉണര്‍ന്ന അച്ഛനാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. കുട്ടി സമീപത്തെ പറമ്പില്‍ പ്രാഥമികാവശ്യത്തിന് പോയതാണെന്നാണ് കരുതിയത്. എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമത്തിന് പുറത്തുള്ള തോട്ടത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഇല്ലാതെയാണ് മൃതദേഹം ഉണ്ടായിരുന്നത്.

കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും പരിക്കറ്റിട്ടുണ്ട്. ഇത് കുട്ടി ലൈംഗികപീഡനത്തിന് ഇരയായതായാണ് കാണിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ അത്തരം കാര്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ കഴിയൂ. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.