ലക്‌നൗ: കോവിഡ് മഹാമാരിയുടെ കാലത്തും ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവില്ല. അവസാനമായി ഒരു നര്‍ത്തകിയെ പീഡിപ്പിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. ഡല്‍ഹി ആസ്ഥാനമായി നൃത്തപരിപാടികള്‍ നടത്തുന്ന ഒരു യുവതിയാണ് താന്‍ പീഡനത്തിനിരയായതായി പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

ആഗസ്ത് 30 ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി ആസ്ഥാനമായുള്ള നര്‍ത്തകിയെ ക്ഷണിക്കുകയും പരിപാടി സംഘടിപ്പിച്ച ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. യുവതിക്ക് രാത്രി താമസിക്കാന്‍ താമസ സൗകര്യം നല്‍കിയിരുന്നു. ഡല്‍ഹിയിലെ വസന്ത് കുഞ്ച് നിവാസിയും നര്‍ത്തകിയുമാണ് യുവതി.

സംഭവം ആരെയെങ്കിലും അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു.ഹോട്ടല്‍ ഉടമയായ മനോജ് ഗ്വാളും സഹായി ദീപക്കും സംഭവം അറിഞ്ഞുവെങ്കിലും യുവതിയെ സഹായിക്കാന്‍ ഇടപെട്ടില്ലെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ ആനന്ദ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയായി ഉത്തര്‍പ്രദേശില്‍ നിന്ന് വലിയ രീതിയിലാണ് ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.