റിയാദ്: മൂല്യവര്‍ധിത നികുതിയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളെ കുറിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നാല് ദിവസത്തിനിടെ ഉപയോക്താക്കളില്‍ നിന്ന് ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സിന് ലഭിച്ചത് 14,000 ലേറെ പരാതികള്‍. അതോറിറ്റി കോള്‍ സെന്ററും വെബ്‌സൈറ്റും വാറ്റ് ആപ്ലിക്കേഷനും വഴിയാണ് ഇത്രയും പരാതികള്‍ ലഭിച്ചത്. ഇതില്‍ 90 ശതമാനത്തിലേറെ പരാതികള്‍ക്കും പരിഹാരം കണ്ടതായി ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അറിയിച്ചു.
മൂല്യവര്‍ധിത നികുതി നിലവില്‍വന്ന ജനുവരി ഒന്ന് മുതല്‍ ജനുവരി നാല് വരെയുള്ള ദിവസങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി നടത്തിയ പരിശോധനകളില്‍ 250 ലേറെ സ്ഥാപനങ്ങള്‍ വാറ്റ് നിയമം പാലിക്കാത്തതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികളെടുത്തു. വാര്‍ഷിക വിറ്റുവരവിന്റെ അടിസ്ഥാനത്തില്‍ വാറ്റ് നിയമം ബാധകമായ വിഭാഗത്തില്‍ പെട്ട സ്ഥാപനമായിട്ടും നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കല്‍, നിയമ വിരുദ്ധ നികുതി ബില്‍ ഇഷ്യു ചെയ്യല്‍, അഞ്ച് ശതമാനത്തില്‍ കൂടുതല്‍ വാറ്റ് ഈടാക്കല്‍, മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയ ഉല്‍പന്നങ്ങള്‍ക്കും അഞ്ച് ശതമാനം നികുതി ഈടാക്കല്‍ പോലുള്ള നിയമ ലംഘനങ്ങളാണ് ഈ സ്ഥാപനങ്ങളുടെ ഭാഗത്ത് കണ്ടെത്തിയത്. മൂല്യവര്‍ധിത നികുതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് നാല് ദിവസത്തിനിടെ 1,322 വ്യാപാര സ്ഥാപനങ്ങളില്‍ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സ് ഫീല്‍ഡ് സംഘങ്ങള്‍ പരിശോധനകള്‍ നടത്തിയതായും അതോറിറ്റി അറിയിച്ചു.
അതിനിടെ, സ്വര്‍ണാഭരണങ്ങള്‍ക്കും റൊട്ടിക്കും വാറ്റ് ബാധകമാക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍ രംഗത്തെത്തി. സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രം അഞ്ച് ശതമാനം വാറ്റ് ബാധകമാക്കണമെന്നും സ്വര്‍ണത്തിന്റെ വിലക്കും വ്യാപാരികളുടെ ലാഭത്തിനും നികുതി ബാധകമാക്കരുതെന്നുമാണ് ജ്വല്ലറി ഉടമകള്‍ ആവശ്യപ്പെടുന്നത്. ഈ ലക്ഷ്യത്തോടെ ജനറല്‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്‌സുമായി ബന്ധപ്പെട്ടുവരികയാണെന്ന് സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ പ്രീഷ്യസ് മെറ്റല്‍സ് കമ്മിറ്റി അറിയിച്ചു. ഭൂരിഭാഗം രാജ്യങ്ങളിലും ആഭരണങ്ങളുടെ പണിക്കൂലിക്ക് മാത്രമാണ് വാറ്റ് ഈടാക്കുന്നതെന്നും സ്വര്‍ണത്തിന്റെ വിലയും വ്യാപാരികളുടെ ലാഭവും പണിക്കൂലിയും ഉള്‍പ്പെടുത്തിയുള്ള ആകെ വിലക്ക് വാറ്റ് ബാധകമാക്കുന്നത് ആഭരണ വില ഗണ്യമായി ഉയരുന്നതിനും അതുവഴി വിപണിയില്‍ മാന്ദ്യമുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും കമ്മിറ്റി പറഞ്ഞു.
ബേക്കറികളെ വാറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ബേക്കറി ഉടമകളും ഉന്നയിക്കുന്നുണ്ട്. വാറ്റ് നിലവില്‍വന്നിട്ടും പല ബേക്കറികളും റൊട്ടി വില ഉയര്‍ത്തിയിട്ടില്ലെന്നും റൊട്ടി വില ഉയര്‍ത്തുന്നതിനെ ഉപയോക്താക്കള്‍ എതിര്‍ക്കുകയാണെന്നും സഊദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിന് കീഴിലെ നാഷണല്‍ ബേക്കറി കമ്മിറ്റി പ്രസിഡന്റ് ഫഹദ് അല്‍സല്‍മാന്‍ പറഞ്ഞു.