മലപ്പുറം: വാഴക്കാട് അസം സ്വദേശി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി എട്ടു വര്‍ഷത്തിനു ശേഷം അസമില്‍ പിടിയില്‍. നാലാം പ്രതിയും അസം സ്വദേശി ഷഹനൂര്‍ അലിയെയാണ് കേരള പൊലീസ് അറസ്റ്റു ചെയ്തത്.

കൊലപാതകത്തിനു ശേഷം വാഴക്കാട്ട് നിന്ന് മുങ്ങിയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കേസിലെ ഒന്നാം പ്രതിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടും ഇയാളെ മാത്രം അറസ്റ്റ് ചെയ്യാന്‍ പൊലീസിന് സാധിച്ചിരുന്നില്ല.

രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ഇയാളെ കണ്ടതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇവിടങ്ങളിലൊക്കെ സഞ്ചരിച്ചിരുന്നു. എന്നാല്‍ കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം അസമിലെ കൊക്രജര്‍ ജില്ലയിലെത്തിയത്.

സി.ഐ എം.വി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. എ.എസ്.ഐ പ്രകാശ് മണികണ്ഠന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിയോജ്, ബിജു എന്നിവരും അസമിലെത്തിയിരുന്നു. ഇയാളെ നാട്ടിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും.