തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിനു കാരണം സിപിഎമ്മിലെ ചേരിപ്പോരാണെന്ന് കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍ പറഞ്ഞു. ഡി.കെ. മുരളി എംഎല്‍എയുടെ മകനുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണു പ്രശ്‌നങ്ങളുടെ തുടക്കം. സ്ഥലത്തില്ലാതിരുന്ന രണ്ടു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേസില്‍ പ്രതികളാക്കിയെന്നും ഹസന്‍ പറഞ്ഞു.

ഒന്നാം പ്രതി സജീവനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആദ്യം വെട്ടിയതെന്ന് ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഷഹിന്‍, അപ്പൂസ് എന്നിവരാണു വെട്ടിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മരിച്ച ഹക്ക് സജീവനെ വെട്ടുന്നതും ദൃശ്യങ്ങളിലുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.ആക്രമണത്തില്‍ 12 പേരാണ് ഉള്‍പ്പെട്ടതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി രംഗത്തെത്തി. ഇതില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ അറസ്റ്റിലായി.

ബാക്കി എഴുപേര്‍ ആരാണെന്നും അവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് എം.എം.ഹസന്‍, കെ.എസ്.ശബരിനാഥ്, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്പി രാഷ്ട്രീയം കളിക്കുകയാണെന്നും സിബിഐക്ക് അന്വേഷണം കൈമാറണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.