ഡാലസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഷെറിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് വെസ്ലിയുടെ അറസ്റ്റ്. കുട്ടിയെ കാണാതായതുമുതലുള്ള മൊഴിയിലെ വൈരുദ്ധ്യം കണ്ടെത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനുശേഷമുള്ള മൊഴി എന്താണെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. വെസ്ലി മാത്യുവിന്റെ കാറിനുള്ളില്‍ നിന്നും കണ്ടെത്തിയ ഡിഎന്‍എ സാമ്പിളുകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പരിക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയെ കൊലപ്പെടുത്തിയത് വീടിനുള്ളിലാണെന്നാണ് പോലീസ് നിഗമനം.

പാലു കുടിക്കാത്തതിന് വീടിന്റെ പുറത്തു നിര്‍ത്തി എന്നായിരുന്നു വെസ്ലി മാത്യു ആദ്യം നല്‍കിയ മൊഴി. പതിനഞ്ചുമിനിറ്റ് നിര്‍ത്തിയതിനുശേഷം പിന്നീട് വന്നു നോക്കുമ്പോള്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നു എന്നാണ് വെസ്ലി മാത്യു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കുട്ടിയുടെ മൃതദേഹം വീടിന്റെ സമീപത്തെ കലുങ്കില്‍ നിന്നും കണ്ടെത്തിയതിന് ശേഷം ഇയാള്‍ മൊഴി മാറ്റി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കാണാതായതിനുശേഷം വെസ്ലിയെ അറസ്റ്റു ചെയ്തിരുന്നു. രണ്ട് ലക്ഷം രൂപക്ക് പിന്നീട് ജാമ്യത്തില്‍ വിടുകയുമായിരുന്നു.