റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ നിന്നും കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റേതാണെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കലുങ്കില്‍ നിന്നാണ് മൂന്ന് വയസ്സുപ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇത് മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു.

ഷെറിനെ കാണാതായി 15 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 11മണിയോടെ പോലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് മറ്റു പരിശോധനകള്‍ക്കു ശേഷമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. ഒക്ടോബര്‍ 7 മുതല്‍ കാണാതായ കുഞ്ഞിനുവേണ്ടി തിരച്ചില്‍ വ്യാപകമാക്കിയിരുന്നുവെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് വീടിന് സമീപം തിരച്ചില്‍ ശക്തമാക്കി. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ ചുരുളഴിഞ്ഞിട്ടില്ല.

രണ്ട് വര്‍ഷം മുന്‍പായിരുന്നു മാത്യൂസിന്റെ കുടുംബം ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നും ഷെറിനെ ദത്തെടുത്തത്. ഷെറിന്റെ മരണത്തില്‍ മാതാപിതാക്കളായ വെസ്ലി മാത്യൂസിനും, സിനിയ്ക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇവരുടെ മൊഴികളില്‍ പൊരുത്തക്കെടുണ്ട്. ശനിയാഴ്ച തന്നെ വെസ്ലി മാത്യുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തിന്റെ ജാമ്യത്തില്‍ ഞായറാഴ്ച തന്നെ വിടുകയും ചെയ്തു.

പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ വീടിന് പുറത്തുള്ള മരച്ചുവട്ടില്‍ നിര്‍ത്തുകയായിരുന്നു. 15മിനിറ്റുകള്‍ക്കുശേഷം വന്നുനോക്കുമ്പോള്‍ കുഞ്ഞിനെ കാണാതാവുകയായിരുന്നുവെന്നും പിതാവ് വെസ്ലി പോലീസിനോട് പറഞ്ഞിരുന്നു. പുലര്‍ച്ചെ മൂന്നിനാണ് കുഞ്ഞിനെ വീടിന് പുറത്തുനിര്‍ത്തിയിരുന്നത്. മാനസിക വളര്‍ച്ചയെത്താത്ത കുട്ടിയാണ് ഷെറിന്‍.