ലണ്ടന്‍: മധ്യേഷ്യയിലെ സംഭവവികാസങ്ങള്‍ പതിറ്റാണ്ടുകളോളം റിപ്പോര്‍ട്ട് ചെയ്ത വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് (74) അന്തരിച്ചു. ഡുബ്ലിനിലെ സെന്റ് വിന്‍സറ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. വീട്ടില്‍ ഹൃദയാഘാതമുണ്ടായ ഫിസ്‌കിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖമായി അറിയപ്പെട്ടിരുന്ന റോബര്‍ട്ട് ഫിസ്‌ക് ബ്രിട്ടീഷ് ദിനപത്രമായ ദ ഇന്‍ഡിപെന്റന്‍ഡിന് വേണ്ടിയാണ് ജോലി ചെയ്തു. ‘ഔദ്യോഗിക ആഖ്യാനങ്ങളെ ചോദ്യം ചെയ്ത ധീരത കൊണ്ടാണ് അദ്ദേഹം അറിയപ്പെട്ടത്’ എന്ന് ഇന്‍ഡിപെന്റന്‍ഡ് അനുസ്മരിച്ചു. ഭയരഹിതനായ, ഒത്തുതീര്‍പ്പുകള്‍ക്ക് രാജിയാകാത്ത, സത്യത്തോട് പ്രതിബദ്ധതയുള്ള മാധ്യമപ്രവര്‍ത്തകന്‍. തന്റെ തലമുറയിലെ ഏറ്റവും മഹാനായ ജേര്‍ണലിസ്റ്റ് എന്നാണ് ഇന്‍ഡിപെന്റന്‍ഡ് എഡിറ്റര്‍ ക്രിസ്റ്റ്യന്‍ ബോട്ടണ്‍ അനുസ്മരിച്ചത്.

1989ലാണ് ഫിസ്‌ക് പത്രത്തിലെത്തിയത്. റൂപര്‍ട്ട് മര്‍ഡോകിന്റെ ദ ടൈംസില്‍ നിന്നാണ് അദ്ദേഹം ഇന്‍ഡിപെന്റന്‍ഡില്‍ എത്തിയത്. ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേഷം, ഇറാന്‍ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാല്‍കന്‍ സംഘര്‍ഷങ്ങള്‍, അറബ് വസന്തം തുടങ്ങിയ നിരവധി അന്താരാഷ്ട്ര സംഭവങ്ങള്‍ ഫിസ്‌ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷണല്‍, ബ്രിട്ടീഷ് പ്രസ് അവാര്‍ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ഫിസ്‌ക് നേടിയിട്ടുണ്ട്. പിറ്റി ദ നാഷണ്‍: ലെബനന്‍ അറ്റ് വാര്‍, ദ ഗ്രേറ്റ് വാര്‍ ഫോര്‍ സിവിലൈസേഷന്‍: ദ കോണ്‍ക്വസ്റ്റ് ഓഫ് ദ മിഡില്‍ ഈസ്റ്റ് തുടങ്ങിയ പുസ്തകങ്ങളുമെഴുതി. അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ രണ്ടു തവണ അഭിമുഖം ചെയ്തിട്ടുണ്ട്.