ടെലിവിഷന്‍ അവതാരകയായ വിധുബാല ഒരു കാലത്ത് മലയാള സിനിമയിലെ തിളങ്ങുന്ന നടിയായിരുന്നു. ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വിധുബാല പിന്നീട് 1980കള്‍ക്കു ശേഷം സിനിമയില്‍ വന്നില്ല. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് അവര്‍ പറയുന്നത്.

1981ലാണ് അവസാനമായി വിധുബാല അഭിനയിച്ചത്. അതിനുശേഷം മലയാളത്തില്‍ ഒന്നിലും അഭിനയിച്ചിട്ടില്ല. മലയാള സിനിമക്ക് മോശമായ അഭിപ്രായമുണ്ടായിരുന്ന കാലമായിരുന്നു അത്. സെക്‌സ് ടച്ചുള്ള സിനികള്‍ക്ക് കേരളത്തിന് പുറത്ത് നല്ല മാര്‍ക്കറ്റായിരുന്നുവെന്നും അതിന് തന്നെയും കരുവാക്കി ഉപയോഗിക്കുകയുയായിരുന്നുവെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് സൈക്കോ എന്ന ചിത്രത്തിലൂടെ തനിക്ക് നേരിട്ട ദുര്‍ഗതിയെക്കുറിച്ചും വിധുബാല പറയുന്നുണ്ട്. ആ ചിത്രത്തില്‍ ക്യാരക്ടര്‍ റോളിലാണ് അഭിനയിച്ചിരുന്നത്. എന്നാല്‍ അഭിനയിക്കാത്ത സീനുകളില്‍ പോലും മോശമായ രീതിയില്‍ കട്ടൗട്ടാക്കി സിനിമയില്‍ ചേര്‍ക്കുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് പലരും വിളിച്ചു. എല്ലാവരോടും മറുപടി പറഞ്ഞു മടുത്തു. ഒടുവില്‍ അഭിനയ രംഗത്തുനിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നേരത്തേയും അഭിനയം നിര്‍ത്തണമെന്ന് കരുതിയിരുന്നതായും വിധുബാല കൂട്ടിച്ചേര്‍ത്തു.