തിരുവനന്തപുരം: എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറിക്ക് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ കത്ത്. അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എംഎം മണിയുടെ രാജി ആവശ്യപ്പെടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സുധീരന്‍ കത്തയച്ചിരിക്കുന്നത്.

എംഎം മണി മന്ത്രി സ്ഥാനത്തില്‍ തുടരുന്നത് അധാര്‍മ്മികമാണ്. ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമ വ്യവസ്ഥയോട് ആദരവുണ്ടെങ്കില്‍ എംഎം മണി മന്ത്രിസഭയില്‍ നിന്നും രാജിവെക്കണം. മണി മന്ത്രിയായി അധികാരത്തില്‍ തുടരുകയാണെങ്കില്‍ നീതി പൂര്‍വ്വമായ വിചാരണക്കുള്ള അവസരം ഇല്ലാതാകും. സാക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും സ്വാധീനിക്കാന്‍ ഇടവരുമെന്നും കത്തില്‍ സുധീരന്‍ പറയുന്നു.

കേസിന്റെ വിചാരണ സുതാര്യമായ രീതിയില്‍ നടക്കണമെങ്കില്‍ മണി മന്ത്രിസ്ഥാനം രാജിവെക്കണമെന്നും അതിനാല്‍ മണിയുടെ രാജി ആവശ്യപ്പെടണമെന്നും സുധീരന്‍ കത്തില്‍ വ്യക്തമാക്കുന്നു.