തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത് പൊലീസിനെതിരെ ഉണ്ടായ ആക്ഷേപങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റപ്പെട്ട സംഭവങ്ങള്‍ ആണെങ്കില്‍ പോലും പോലീസുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങള്‍ നോക്കുമ്പോള്‍ വളരെ ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളതെന്ന് വിഎസ് പറഞ്ഞു. ഇങ്ങനെയുള്ള പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കിയാല്‍ എന്താകും സംഭവിക്കുക എന്ന് കണ്ണുതുറന്ന് കാണേണ്ട സഹചര്യം കൂടിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിച്ചാല്‍ കേരളം ക്രമസമാധാന പാലനത്തില്‍ ഒന്നാമതായി വരാന്‍ സാധ്യതയുണ്ടെന്നും വിഎസ് പറഞ്ഞു.

ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും കോട്ടങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്ന് ആന്തൂര്‍ വിഷയം സൂചിപ്പിച്ച് വി.എസിന്റെ പരോക്ഷ വിമര്‍ശനവുമുണ്ടായി.