മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസിനെതിരായ എസ്.എഫ്.ഐ അഴിഞ്ഞാട്ടത്തിനെതിരെ തൃത്താല എം എല്‍ എ വി.ടി ബല്‍റാം. പെരിന്തല്‍മണ്ണ പോളിടെക്‌നിക് കോളേജില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തനസ്വാതന്ത്രം ്അനുവദിക്കാത്തതായിരുന്നു കാലങ്ങളായി എസ്.എഫ്.ഐ തുടരുന്ന നയം. ഇതാണ് മുഴുവന്‍ സംഘര്‍ഷങ്ങള്‍ക്കും കാരണമായതെന്നും വി.ടി ബല്‍റാം ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കും ജനാധിപത്യപരമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട കോളേജ് ക്യാമ്പസുകളെ ‘ചെങ്കോട്ട’കളാക്കി മാറ്റിക്കൊണ്ടുള്ള എസ് എഫ് ഐയുടെ ഫാഷിസ്റ്റ് രാഷ്ട്രീയ ശൈലി തന്നെയാണ് പെരിന്തല്‍മണ്ണയിലെ അക്രമങ്ങളുടെയും മൂലകാരണം. ഒരു ക്യാമ്പസ് എന്ത് ആകരുതോ അതിന്റെ പേരാണ് കോട്ട. പുറത്തുനിന്നൊന്നും ഉള്ളിലേക്കും ഉള്ളില്‍ നിന്നൊന്നും പുറത്തേക്കും പോകാനനുവദിക്കാത്ത നെടുംകോട്ടകളായല്ല, വ്യത്യസ്താശയഗതിക്കാര്‍ ആശയപരമായി സംവദിക്കുന്ന ജനാധിപത്യ തുറസ്സുകളായിട്ടാകണം ഓരോ കോളേജ് ക്യാമ്പസും മാറേണ്ടത്. ഓരോ വര്‍ഷവും മൂന്നിലൊന്നോളം വിദ്യാര്‍ത്ഥികള്‍ മാറിമാറിവരുന്ന കോളേജ് ക്യാമ്പസുകളില്‍ ചിലത് എങ്ങനെയാണ് പതിറ്റാണ്ടുകളായി എസ്എഫ്‌ഐയുടെ മാത്രം കുത്തകയായിരിക്കുന്നതെന്നും അവിടങ്ങളില്‍ എന്തുകൊണ്ടാണ് മറ്റ് ഒരു വിദ്യാര്‍ത്ഥി സംഘടനക്കും നോമിനേഷന്‍ കൊടുക്കാന്‍ പോലും ആളെക്കിട്ടാത്തതെന്നും ഇനിയും അര്‍ഹിക്കുന്ന ഗൗരവത്തില്‍ കേരളം ചര്‍ച്ച ചെയ്തിട്ടില്ല. ക്രൂരമായ അടിച്ചമര്‍ത്തലുകളും അതിനെ മിടുക്കായി കണ്ട് അഭിമാനിക്കുന്ന മനോഭാവവുമാണ് ഇത്തരം ഇടങ്ങളിലെല്ലാം കാണപ്പെടുന്നത്. അസഹിഷ്ണുതയുടെയും ആധിപത്യ പ്രവണതയുടെയും കാര്യത്തില്‍ മറ്റാരേക്കാളും ഒരുപടി മുന്നിലാണ് എന്നും കേരളത്തിലെ സിപിഎമ്മും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും. അക്രമരാഷ്ട്രീയത്തിന്റെ പടത്തലവന്മാരും കിം ജോംഗ് ഉന്നുമാരുമൊക്കെയാണ് അവരുടെ പൂജാവിഗ്രഹങ്ങള്‍. അതുകൊണ്ടുതന്നെ കേരളത്തിലങ്ങോളമുള്ള പാര്‍ട്ടി കോളേജുകളും പാര്‍ട്ടി ഗ്രാമങ്ങളും ചെങ്കോട്ടകളും ഇല്ലാതാക്കുക എന്നത് തന്നെയാകണം ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രഥമ മുന്‍ഗണന. സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ തൊട്ട് മുന്‍പ് വരെ ബംഗാളിലെ ഗ്രാമങ്ങളിലും സിപിഎമ്മിന്റെ ഈ സമഗ്രാധിപത്യം തന്നെയായിരുന്നു നിലനിന്നിരുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്, അവിടത്തെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും.