താജ് മഹല്‍ വിഷയത്തില്‍ വിവാദം തുടരുന്ന വേളയില്‍ താജ്മഹലിനെ പ്രകീര്‍ത്തിച്ച് കേരളാ ടൂറിസം.

ഇന്ത്യയുടെ ടൂറിസം മേഖലയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജിനെ അപമാനിച്ച് രംഗത്തെത്തിയ ബി.ജെ.പി നേതാക്കളെ ട്രോളുന്ന രീതിയില്‍ ട്വീറ്റ് ഇറക്കിയാണ് കേരളാ ടൂറിസത്തിന്റെ പരിഹാസം.

ലക്ഷങ്ങളെ ഇന്ത്യയിലേക്ക് വരവേല്‍ക്കുന്ന താജ്മഹലിന് ദൈവത്തിന്റെ സ്വന്തം നാടിന്റെ കൂപ്പുകൈ എന്നാണ് ട്വീറ്റ്. താജിന്റെ മനോഹര ചിത്രം ചേര്‍ത്ത ട്വീറ്റ് ഇതിനകം ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് മുന്‍പ് പറഞ്ഞത് ലോക മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലിന്റെ പേര് ഉള്‍പ്പെടുത്താത്തതും വിവാദമായിരുന്നു. തുടര്‍ന്ന് താജ് ഉള്‍പ്പെടുത്തിയ പുതിയ ലിസ്റ്റുമായി യു.പി സര്‍ക്കാര്‍ രംഗത്തെത്തുകയായിരുന്നു.

ഇതിനിടെയാണ് കേരള ടൂറിസത്തിന്റെ പരിഹാസം കലര്‍ന്ന് ട്വീറ്റ്. കേരള സര്‍ക്കാറിന്റെ പുതിയ നീക്കത്തെ ബിജെപിക്കെതിരായ ട്രോളായാണ് ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.


താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന് ബിജെപി നേതാവ് സംഗീത് സോം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമാതോടെ, താജ് മഹല്‍ നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന വാദവുമായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തുകയായിരുന്നു.