അയോധ്യ: തനിക്ക് തന്റേതായ വിശ്വാസമുണ്ടെന്നും അതില്‍ ആരും ഇടപെടരുതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ദീപാവലി ആഘോഷിച്ചതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇത് തന്റെ വ്യക്തിപരമായ കാര്യമാണ് ഇതില്‍ ഇടപെടാന്‍ പ്രതിപക്ഷത്തിന് എങ്ങനെയാണ് സാധിക്കുക- അദ്ദേഹം പറഞ്ഞു. ദീപാവലിയോടനുബന്ധിച്ച് ധാരാളം വിശ്വാസികള്‍ എത്തുന്ന സ്ഥലമാണ് അയോധ്യ. അവിടെയെത്തുന്നവര്‍ക്ക് സ്വഛ് ഭാരത് മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാപ്രവര്‍ത്തനങ്ങളും വിലയിരുത്താനാണ് അയോധ്യയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ സംസ്ഥാനത്തെ എല്ലായിടത്തും സന്ദര്‍ശനം നടത്തുകയെന്നത് തന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കമാണെന്ന ബിജെപി എംഎല്‍എ സംഗീത് സോം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താജ് മഹല്‍ ഇന്ത്യയുടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണെന്നും അതിന്റെ വികസന കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും യോഗി അറിയിച്ചു.