X
    Categories: Views

അവകാശയുദ്ധം

ലണ്ടന്‍: ഓവല്‍ എന്ന വലിയ മൈതാനം. എത്രയോ ഉന്നത മല്‍സരങ്ങള്‍ക്ക് സാക്ഷിയായ വേദി. മാന്യന്മാരായ ഇംഗ്ലീഷ് ക്രിക്കറ്റ് കാണികളുടെ ഇഷ്ടവേദി. ഇവിടെ ഇന്ന് തീപ്പാറും ഫൈനലാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ രണ്ടാമത്തെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ പോരാട്ടത്തിനിറങ്ങുന്നത് ഇന്ത്യയും പാക്കിസ്താനുമാവുമ്പോള്‍ ഇന്നത്തെ ഗ്യാലറികളില്‍ നിറയുക ഇംഗ്ലീഷുകാരായിരിക്കില്ല. ഇന്ത്യയുടെയും പാക്കിസ്താന്റെയും ആരാധകരായിരിക്കും. ഈ രണ്ട് രാജ്യങ്ങളിലെയും ആയിരക്കണക്കിന് പൗരന്മാര്‍ ഇംഗ്ലണ്ടില്‍ വസിക്കുന്നത് കൊണ്ട് അവരുടെ ഉല്‍സവ മേളമാണ് നടക്കുക. കൂടാതെ ഇരു രാജ്യങ്ങളില്‍ നിന്നായി നൂറ് കണക്കിന് ക്രിക്കറ്റ് പ്രേമികളും എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബഹളമെല്ലാം കഴിഞ്ഞതിനാലും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് കളിക്കാത്തതിനാലും ഇംഗ്ലീഷ് കാണികളും ഇന്ന് ധാരാളമുണ്ടാവുമ്പോള്‍ പോരാട്ടം കേമമാവും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഫൈനല്‍ ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മൂന്നിനാണ് കളി ആരംഭിക്കുന്നത്. സാധ്യതാ പട്ടികയില്‍ ഇന്ത്യക്കാണ് ക്രിക്കറ്റ് ലോകം മുന്‍ത്തൂക്കം നല്‍കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്താനെ അനായാസം പരാജയപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശ്രീലങ്കക്കെതിരായ മല്‍സരം മാറ്റി നിര്‍ത്തിയാല്‍ കളിച്ച മല്‍സരങ്ങളില്ലെല്ലാം ഇന്ത്യ ആധികാരികത തെളിയിച്ചിട്ടുമുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് മേഖലകളിലും ഇന്ത്യക്കാണ് മുന്‍ത്തൂക്കം. പക്ഷേ പാക്കിസ്താന്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ആകെ മാറിയിട്ടുണ്ട്. ടീമിലെ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിട്ടും പുതിയ താരങ്ങളുടെ ശക്തിയും ശേഷിയുമാണ് ടീമിനെ ഫൈനലില്‍ എത്തിച്ചത്. അതിനാല്‍ സ്വന്തം ദിവസങ്ങളില്‍ അവരെ എഴുതിത്തള്ളുക തെറ്റായിരിക്കും.
ബാറ്റിംഗ് ആധിപത്യം
ചാമ്പ്യന്‍ഷിപ്പിലെ ഇത് വരെയുള്ള കണക്കുകള്‍ പരിശേധിച്ചാല്‍ ബാറ്റിംഗാണ് ടീമുകളുടെ കരുത്ത്. അഥാവാ ബാറ്റ്‌സ്മാന്മാര്‍ നല്‍കുന്ന കരുത്തിലാണ് വിജയം നിര്‍ണയിക്കപ്പെടുന്നത്. ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ നാല് മല്‍സരങ്ങളില്‍ നിന്നായി 317 റണ്‍സാണ് വാരിക്കൂട്ടിയത്. അദ്ദേഹമാണ് ബാറ്റിംഗ് ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇടക്കാലത്ത് നിരാശപ്പെടുത്തിയ ഇടം കൈയ്യന്‍ ഇപ്പോള്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നുണ്ട്. പതുക്കെ തുടങ്ങി പന്തിന്റെ മിനുസം നഷ്ടമാവുന്ന മുറക്ക് ഇന്നിംഗ്‌സിന് വേഗത കൂട്ടുന്ന ധവാന്‍ ശൈലിയാണ് ഇംഗ്ലീഷ് പിച്ചുകളില്‍ വിജയിക്കുന്നത്. ബംഗ്ലാദേശിനെതിരായ സെമിയില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും പരീക്ഷിച്ച ഈ ശൈലി തന്നെയാണ് എല്ലാവരും ഇന്ന് പരീക്ഷിക്കാന്‍ പോവുന്നതും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ രോഹിത് ശര്‍മ, വിരാത് കോലി, എം.എസ് ധോണി, യുവരാജ് സിംഗ്, കേദാര്‍ യാദവ് തുടങ്ങി കരുത്തരുണ്ട്. രോഹിത് സെമിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ധോണിയും യുവരാജും കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നായകനായ കോലി സുന്ദരമായ ഇന്നിംഗ്‌സുകളുടെ വക്താവാണ്. പാക്കിസ്താന്‍ ബാറ്റിംഗ് നിരയിലും യുവ ശക്തികളുണ്ട്. അസ്ഹര്‍ അലി, ഫക്കാര്‍ സമാന്‍, ബബര്‍ അസം, ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് എന്നിവരെല്ലാം അവസരങ്ങളെ പ്രയോജനപ്പെടുത്തി ബാറ്റ് ചെയ്യുന്നവരാണ്. ഇവര്‍ക്കാര്‍ക്കും വലിയ മല്‍സരങ്ങള്‍ കളിച്ച് പരിചയമില്ല. പക്ഷേ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ മികവ് പ്രകടിപ്പിക്കുന്നു അത് കൊണ്ടാണ് ആദ്യ മല്‍സരത്തിലെ വലിയ തോല്‍വിക്ക് ശേഷം പിന്നീട് നടന്ന മൂന്ന് മല്‍സരങ്ങളിലും കരുത്ത് കാട്ടി അവര്‍ മുന്നോട്ട് വന്നത്. ഇവര്‍ക്കൊപ്പം അനുഭവസമ്പത്തിന്റെ കരുത്തുണ്ട് ഷുഹൈബ് മാലിക്, മുഹമ്മദ് ഹാഫിസ് എന്നിവര്‍ക്ക്. അല്‍പ്പസമയം പിടിച്ചുനിന്നാല്‍ വലിയ ഇന്നിംഗ്‌സ് കളിക്കാമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്.

ബൗളിംഗ് പാക്
പാക്കിസ്താന്‍ ബൗളര്‍മാരെക്കുറിച്ച് അവരുടെ ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമൂദ് പറഞ്ഞ വാക്കുകള്‍ പ്രധാനമാണ്. എന്റെ ബൗളര്‍മാര്‍ക്ക് അനുഭവം കുറവാണ്. പക്ഷേ അവരുടെ പ്രത്യേകത അവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിയുന്നു. സാഹചര്യങ്ങളെ പഠിച്ച് മുന്നേറുന്നു. സമ്മര്‍ദ്ദത്തില്‍ പന്തെറിഞ്ഞ് വെറുതെ തോല്‍വി ചോദിച്ചു വാങ്ങുന്നില്ല. കോച്ചിന്റെ ഈ വാക്കുകള്‍ സത്യമാണെന്ന് പാക്കിസ്താന്റെ ബൗളിംഗ് മികവ് നോക്കിയാല്‍ അറിയാം. ആദ്യ മല്‍സരം പരാജയപ്പെട്ടതിന് ശേഷമാണ് അവര്‍ ഫൈനല്‍ വരെ എത്തിയതെന്ന് ഓര്‍ക്കണം. പാക്കിസ്താന്‍ ക്രിക്കറ്റിനെ ലോകത്തിന്‍രെ ഉയരങ്ങളിലെത്തിച്ചത് ഇമ്രാനും വസീം അക്രവും വഖാര്‍ യൂനസും ഷുഹൈബ് അക്തറുമെല്ലാം ഉള്‍പ്പെടുന്ന ബൗളര്‍മാരിയരുന്നു. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ബൗളിംഗ് ലൈനപ്പ് ശരാശരി നിലവാരമാണ്. പക്ഷേ മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍, ഹസന്‍ അലി, ജുനൈദ് ഖാന്‍ തുടങ്ങിയവരെല്ലാം നന്നായി പന്തെറിയുന്നുണ്ട്. തുടക്കത്തില്‍ വിക്കറ്റ് നേടാനായാല്‍ ഇവര്‍ മൂര്‍ഛയോടെ പന്തെറിയും. ഇന്ത്യന്‍ ബൗളിംഗില്‍ വൈവിധ്യമുണ്ട്. പക്ഷേ അതിവേഗക്കാരെ, സീമും സ്വിംഗും ഉയര്‍ത്തി പേടിപ്പിക്കാന്‍ കരുത്തുള്ളവരോ ഇല്ല. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. എല്ലാവരും ഇംഗ്ലീഷ് സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്നവര്‍. സ്പിന്നറായി അശ്വിന്‍, ജഡേജ എന്നിവരുണ്ട്. സെമിയില്‍ ഉപയോഗപ്പെട്ട കേദാര്‍ യാദവുമുണ്ട്.

ടീമില്‍ മാറ്റമില്ല
ഇന്ത്യ, പാക്കിസ്താന്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ഇന്നലെ രണ്ട് ക്യാപ്റ്റന്മാരും വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തില്‍ അശ്വിന്‍ എന്ന സ്പിന്നര്‍ക്ക് ഇടമുണ്ടാവുമോ എന്ന സംശയം നേരത്തെ പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വലത് കാല്‍മുട്ടില്‍ ബാന്‍ഡേജുമായാണ് ഇന്നലെ അശ്വിനെ കണ്ടത്. അതിനാല്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. സെമിയില്‍ കേദാര്‍ യാദവ് നന്നായി പന്തെറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്തും. അശ്വിന്‍ കളിക്കാത്ത പക്ഷം ഉമേഷ് യാദവിനായിരിക്കും അവസരം. അദ്ദേഹം പാക്കിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമി പുറത്താവും. സന്നാഹ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട് ഷമി. പക്ഷേ ഇത് വരെ ഒരു മല്‍സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.

ബാറ്റിംഗ് പിച്ച്
പിച്ച് റിപ്പോര്‍ട്ട് ബൗളര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്നതല്ല. പുതിയ പിച്ചാണ് ഓവലില്‍ ഒരുക്കിയിരിക്കുന്നത്. വരണ്ട് കിടക്കുന്ന പിച്ചായതിനാല്‍ ബാറ്റ്‌സ്മാന്മാര്‍ക്കാണ് മുന്‍കൈ. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 പ്ലസ് സ്വന്തമാക്കും. ചാമ്പ്യന്‍ഷിപ്പിലെ പല മല്‍സരങ്ങളിലും മഴ വില്ലനായെങ്കില്‍ ഇന്ന് ആകാശം പ്രസന്നമാണ്. വൈകുന്നേരത്തോടെ മേഘാവൃതമാവും. എങ്കിലും മഴ കളിയെ തടസ്സപ്പെടുത്തുമെന്ന് കരുതുന്നില്ല.

പരസ്പരം
ഇന്ത്യ-പാക്കിസ്താന്‍ മല്‍സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ പാക്കിസ്താനാണ് മുന്‍ത്തൂക്കം. 72 മല്‍സരങ്ങള്‍ പാക്കിസ്താന്‍ ജയിച്ചപ്പോള്‍ 52 ലാണ് ഇന്ത്യന്‍ വിജയം. എന്നാല്‍ ഐ.സി.സി ചാമ്പ്യന്‍ഷിപ്പുകളിലേക്ക് വരുമ്പോള്‍ അയല്‍ക്കാര്‍ പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ എട്ടിലും ഇന്ത്യക്കായിരുന്നു വിജയം.

chandrika: