കോട്ടയം: ഇന്നലെ കോട്ടയം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷ യുവജന സംഘടനകളുടെ സമരത്തെ ചെറുക്കാന്‍ പ്രയോഗിച്ച ജല പീരങ്കിക്കു ലക്ഷ്യം തെറ്റി. പ്രതിഷേധക്കാര്‍ക്കെതിരെ ജലം ചീറ്റുന്നതിനു പകരം ജലപീരങ്കിയായ വരുണയില്‍ നിന്നു പലപ്പോഴും വെള്ളം ചീറ്റിയത് ആകാശത്തേക്കും പൊലീസുകാരുടെ ദേഹത്തേക്കും. കലക്ടറേറ്റിന് എതിര്‍ ഭാഗത്തെ കെട്ടിടങ്ങളിലും കടകള്‍ക്കുള്ളിലും വരെ ശക്തിയായി വെള്ളം ചീറ്റിയെത്തി. സാധാരണ ജലപീരങ്കി പ്രവര്‍ത്തിപ്പിക്കുന്ന ആള്‍ ഉണ്ടായിരുന്നില്ല. പകരം പൊലീസുകാരനാണ് ഉപയോഗിച്ചത്.

കൈയിലെ ഷീല്‍ഡ് ഉപയോഗിച്ചാണ് പൊലീസുകാര്‍ വെള്ളം ദേഹത്ത് പതിക്കാതെ പ്രതിരോധിച്ചത്. സമരം കാണാന്‍ നിന്നവരും വെളളത്തില്‍ കുളിച്ചു. എആര്‍ ക്യാംപില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ജലപീരങ്കി ഉപയോഗ പരിശീലനം നല്‍കിയിരുന്നു. എന്നാല്‍ വേണ്ടത്ര പരിശീലനം ലഭിക്കാത്ത പൊലീസുകാരനാണ് ഇന്നലെ സമരങ്ങളെ നേരിടാന്‍ ജലപീരങ്കി ഉപയോഗിച്ചതെന്നു പറയുന്നു. രഹസ്യാന്വേഷണ വിഭാഗം ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി.

ഇതിനു മുന്‍പ് അക്രമാസക്തമാകുന്ന സമരങ്ങളെ പ്രതിരോധിക്കുന്നതിനു ടിയര്‍ ഗ്യാസ് ഉപയോഗിക്കുന്ന ‘വജ്ര’ ആയിരുന്നു പൊലീസിന്റെ പ്രധാന ആയുധം. ജലപീരങ്കിക്കു ലക്ഷ്യം തെറ്റിയതു സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.