Connect with us

Sports

അയാള്‍ ഇങ്ങനെ കളിച്ചാല്‍ ഫ്രാന്‍സ് ജയിക്കാതിരിക്കുന്നതെങ്ങനെ?

Published

on

മുഹമ്മദ് ഷാഫി

ഫ്രാന്‍സ് 1 – പെറു 0

‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എടുത്തുകൊടുത്ത കോച്ച് ക്ലോഡിയോ റനേരിയുടെ വാക്കുകളാണിത്. മധ്യനിരയില്‍ രണ്ടാളുടെ റോളില്‍ താന്‍ കളിപ്പിക്കും എന്ന് റനേരി അവകാശപ്പെട്ട ആ കളിക്കാരനെ ട്രാന്‍സ്ഫര്‍ വിപണിയിലെ വണിക്കുകളുടെ കണ്ണുപതിയാതെ സൂക്ഷിക്കാന്‍ ലെസ്റ്ററിനായില്ല. അയാളെ റാഞ്ചിയ ചെല്‍സി അടുത്ത സീസണില്‍ കിരീടമണിഞ്ഞു; റനേരിക്ക് നാണംകെട്ട് പടിയിറങ്ങേണ്ടിയും വന്നു.

ക്ലോദ് മക്കലേലിയെ പോലെ ഫുട്‌ബോളില്‍ തനിക്ക് സ്വന്തമായൊരു റോള്‍ തന്നെ സൃഷ്ടിച്ച അയാളാണ് ഇന്ന് നമ്മള്‍ കണ്ട എന്‍ഗോളോ കാന്റെ. 168 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുറിയ മനുഷ്യന്‍. പക്ഷേ, ഫ്രാന്‍സ് പെറുവിനെ ആധികാരികമായി തോല്‍പ്പിച്ചപ്പോള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കാന്റെയും അയാളുടെ സ്വന്തം ‘കാന്റെ റോളു’മായിരുന്നു. ഗോളടിച്ച കെയ്‌ലിയന്‍ എംബാപ്പെയെ ലോകം വാഴ്ത്തും. പക്ഷേ, എനിക്കുറപ്പുണ്ട് – ദിദിയര്‍ ദെഷാംപ്‌സ് ഇന്ന് ഏറ്റവുമധികം നന്ദിപറയുക കാന്റെയോടായിരിക്കും.

ഓസ്‌ട്രേലിയക്കെതിരെ വിറച്ചു ജയിച്ച മത്സരത്തില്‍ കാന്റെ നടത്തിയ ഇടപെടലിനെപ്പറ്റി ഞാന്‍ എഴുതിയിരുന്നു. ഇന്നുപക്ഷേ, വ്യത്യാസം പ്രകടമായിരുന്നു. കാന്റെ മാത്രമല്ല, അയാള്‍ക്കൊപ്പം ടീമും കളിച്ചു. പെറുവിനെ ഫ്രാന്‍സ് തോല്‍പ്പിച്ചത് ടാക്ടിക്കല്‍ മികവ് കൊണ്ടുമാത്രമല്ല, കളിക്കാരുടെ വ്യക്തിഗത മികവുകൊണ്ടു കൂടിയാണ്. കാന്റെ, എംബാപ്പെ, വരാന്‍, പോഗ്ബ, ജിറൂഡ്, ഗ്രീസ്മന്‍, മറ്റിയൂഡി എന്ന ക്രമത്തിലാണ് ഞാന്‍ കളിക്കാരെ റേറ്റ് ചെയ്യുന്നത്. പെറു നിരയില്‍ പതിവുപോലെ കരിയ്യോയും, ജെഫേഴ്‌സണ്‍ ഫര്‍ഫാനും അഡ്വിന്‍ക്യൂലയും ഗ്വെറേറോും തിളങ്ങി. പക്ഷേ, ഫ്രാന്‍സ് അവരെ എകതരിന്‍ബര്‍ഗില്‍ കീശയിലാക്കിക്കളഞ്ഞു.

പെറുവിന്റെ ആക്രമണത്തോടെയായിരുന്നു തുടക്കം. പ്രതീക്ഷിക്കപ്പെട്ടതു പോലെ കരിയ്യോ വലതുവിങില്‍ ആളിക്കത്തി. പക്ഷേ, അയാള്‍ക്കു പറ്റിയ പങ്കാളിയെ – ഫര്‍ഫാനെ – ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തത് കോച്ച് ഗരേക്ക വരുത്തിയ ഭീമാബദ്ധമായിരുന്നു. ഒരുപക്ഷേ, പെറുവിന് ഈ ലോകകപ്പ് തന്നെ നഷ്ടപ്പെടുത്തിയ തീരുമാനം.

4-2-3-1 ശൈലിയില്‍ അണിനിരന്ന ഫ്രാന്‍സ് പതുക്കെയാണ് പിടിമുറുക്കിയത്. പെറുവിന്റെ തിളപ്പ് ഒന്ന് ആറട്ടെ എന്നവര്‍ തീരുമാനിച്ചതു പോലെ. പക്ഷേ, കളി വരുതിയിലാക്കിയപ്പോള്‍ അതിനൊരു ചന്തവും ആധികാരികതയുമുണ്ടായിരുന്നു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡര്‍മാരായി അണിനിരന്ന കാന്റെയും പോഗ്ബയുമായിരുന്നു ടീമിന്റെ എഞ്ചിന്‍ റൂം. ഇരുവരുടെയും നേതൃത്വത്തില്‍ രണ്ട് യൂണിറ്റുകളായാണ് ഫ്രാന്‍സ് ആദ്യപകുതി കളിച്ചത്. വരാന്‍-കാന്റെ-ബെഞ്ചമിന്‍ പവാര്‍ഡ്-എംബാപ്പെ എന്നിവര്‍ ഒരു യൂണിറ്റായും ഉംതിതി-പോഗ്ബ-ഹെര്‍ണാണ്ടസ്-മറ്റിയൂഡി മറ്റൊരു യൂണിറ്റായും. പോഗ്ബ തന്റെ യൂണിറ്റിനെ എതിര്‍ബോക്‌സില്‍ പന്തെത്തിക്കുന്നതിനായി ഉപയോഗിച്ചപ്പോള്‍ കാന്റെ ആധിപത്യ സ്വഭാവത്തിലാണ് നയിച്ചത. ആക്രമണത്തില്‍ വീക്ക് ലിങ്ക് ആയ റൈറ്റ് വിങ്ബാക്ക് ഇല്ലായിരുന്നെങ്കില്‍ ഗോളുകള്‍ കൂടുതല്‍ പിറന്നേനെ. ഇരുവശങ്ങളില്‍ നിന്നും രൂപപ്പെട്ടുവരുന്ന നീക്കങ്ങള്‍ ഗ്രീസ്മനും ജിറൂഡും തക്കംപാര്‍ത്തിരിക്കുന്ന മധ്യത്തിലേക്ക് വരുംതരത്തിലായിരുന്നു ഫ്രാന്‍സിന്റെ പ്ലാനിങ് എന്ന് തോന്നുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്നു വ്യത്യസ്തമായി ദെഷാംപ്‌സ് കളിക്കാരെ കുറച്ചുകൂടി സ്വതന്ത്രരാക്കിയതു പോലെ തോന്നി. കളിസിദ്ധാന്തത്തിന്റെ കോപ്പിബുക്കില്‍ നിന്നു തിരിയാതെ സ്വന്തം ‘കളി’ പുറത്തെടുക്കാനും അനുവാദം നല്‍കി. എംബാപ്പെയുടെയും ഗ്രീസ്മന്റെയും പോഗ് ജിറൂഡിന്റെയുമൊക്ക ഐറ്റംസ് പെറുക്കാരെ വിഷമിപ്പിക്കുകയും ചെയ്തു. ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ നിന്നു കയറി ചിലപ്പോഴൊക്കെ ‘ബോക്‌സ് ടു ബോക്‌സ്’ ആയും രൂപാന്തരം പ്രാപിച്ച കാന്റെ അവര്‍ക്കെല്ലാം മികച്ച പിന്‍ബലം നല്‍കി. ഇടപെടല്‍, റിക്കവര്‍, ഫ്രീയായി നില്‍ക്കുന്നവര്‍ക്ക് പന്തെത്തിക്കല്‍… എല്ലാം കാന്റെ വളരെ നന്നായി ചെയ്തു.

കളി അരമണിക്കൂറിനോടടുത്തപ്പോഴാണ് ഫ്രഞ്ച് ആക്രമണത്തില്‍ വിശ്വരൂപം കണ്ടത്. അവര്‍ ഒന്നിനു പിറകെ മറ്റൊന്നായി ഗോളിനടുത്തെത്തി. എംബാപ്പെ പിന്‍കാല്‍ കൊണ്ട് നടത്തിയ ആ ഗോള്‍ശ്രമം ഓര്‍ക്കുക. ഒട്ടുംവൈകാതെ ഗോള്‍ വന്നു. മുന്‍നിര മാത്രം ശ്രദ്ധിക്കുന്ന ഒരാള്‍ക്ക് പെറുവിന്റെ ദൗര്‍ഭാഗ്യത്തിലാണ് ആ ഗോള്‍ പിറന്നതെന്ന് തോന്നും. അല്ല; ഫ്രാന്‍സിന്റെ പ്രസ്സിങിന്റെ ഫലം മാത്രമായിരുന്നു അത്.

ഗോള്‍ തിരിച്ചടിക്കാന്‍ പെറുവിന് കരിയ്യോയുടെ ഇന്റിവിജ്വല്‍ ബ്രില്ല്യന്‍സ് അനിവാര്യമായിരുന്നു. പക്ഷേ, വലതുവിങില്‍ അയാള്‍ക്ക് പന്തെത്താതെ നോക്കാന്‍ പോഗ്ബക്കും ഉംതിതിക്കും ഹെര്‍ണാണ്ടസിനും കഴിഞ്ഞു. അതോടെ, കഴിഞ്ഞ ദിവസം അംറബാത്ത് ചെയ്ത പോലൊരു മണ്ടത്തരം പെറുവും ചെയ്തു. കരിയ്യോ ഇടതുവിങിലേക്ക് മാറി. കാന്റെ കൊടികുത്തിവാഴുന്ന പ്രദേശത്ത് സുഖമായി വസിക്കാമെന്ന ചിന്ത ആത്മഹത്യാപരമായിരുന്നു.

രണ്ടാംപകുതിയില്‍ യോത്തുനെ പിന്‍വലിച്ച ഫര്‍ഫാനെ ഇറക്കിയപ്പോള്‍ ഗരേക്കയുടെ ലക്ഷ്യം വ്യക്തമായിരുന്നു; നിരന്തരമുള്ള ആക്രമണം. കരിയ്യോ തന്റെ വിങ്ങിലേക്ക് തിരിച്ചുപോയി. പക്ഷേ, ഗോള്‍മുഖം കവര്‍ ചെയ്യുന്ന കാര്യത്തില്‍ സ്റ്റഡി ക്ലാസായിരുന്നു ഫ്രാന്‍സിന്റേത്. കാലാള്‍പ്പടക്ക് കടന്നുചെല്ലാന്‍ കഴിയാത്തിടത്തേക്ക് മിസൈല്‍ അയക്കുക എന്നതായി പിന്നെ പെറുവിയന്‍ രീതി. ഫര്‍ഫാന്റെയും ഫ്‌ളോറസിന്റെയും കരിയ്യോയുടെയും കാലുകളില്‍ നിന്ന് തീഷോട്ടുകള്‍ പറന്നു. പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോയ ആ ഫര്‍ഫാന്റെ ഷോട്ട്! പക്ഷേ, ഭാഗ്യം ലാറ്റിനമേരിക്കക്കാരനല്ലായിരുന്നു. അവസാന നിമിഷങ്ങളില്‍ ഫക്കീറിനെയും എന്‍സോസിയെയും ഡെംബലെയും ഇറക്കിയ ദെഷാംപ്‌സിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ഒന്ന്, മധ്യനിരയില്‍ തന്നെ പെറുവിന്റെ ആക്രമണങ്ങള്‍ മുറിക്കുക. രണ്ട്, കിട്ടിയ പഴുതില്‍ ആക്രമണം നയിച്ച് ലീഡ് വര്‍ധിപ്പിക്കാന്‍ നോക്കുക. ഏതായാലും, അത് വിജയിക്കുക തന്നെ ചെയ്തു.

പെറു പുറത്തായതില്‍ സങ്കടമുണ്ട്; എന്നാല്‍, ഫ്രാന്‍സിന്റെ ആസൂത്രണത്തോടെയുള്ള ഒരു കളി കാണാനായതില്‍ സന്തോഷവും. വിരലുകള്‍ പിണച്ച് ഇനി അര്‍ജന്റീന – ക്രൊയേഷ്യ അങ്കത്തിലേക്ക്.

News

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും

അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

Published

on

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്‌സിയാഹ് പരിശീലകനായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ജംഷഡ്പ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന്‍ സ്റ്റായ്‌ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന്‍ സനാര്‍ഡീ, മുന്‍ ബാഴ്‌സലോണ റിസേര്‍വ്‌സ് പരിശീലകന്‍ ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്‌സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്‍ട്ട് എന്നിവരും ഉള്‍പ്പെടുന്നു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

Trending