Connect with us

Video Stories

കുര്‍ദുകള്‍ക്ക് ആയുധം; അമേരിക്കക്ക് തിരിച്ചടിയാവുന്നു

Published

on

കെ. മൊയ്തീന്‍കോയ
സിറിയയിലെ കുര്‍ദു പോരാളികള്‍ക്ക് ആയുധം ഉള്‍പ്പെടെ സഹായം നല്‍കാനുള്ള അമേരിക്കയുടെ തീരുമാനം മേഖലയില്‍ പുതിയ തലവേദന സൃഷ്ടിക്കുന്നു. തുര്‍ക്കി പരസ്യമായി അമേരിക്കക്ക് എതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഇറാഖും ഇറാനും സിറിയയും അമേരിക്കയുടെ നിലപാടില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് പാശ്ചാത്യ സ്വാധീനമുള്ള ‘കുര്‍ദ്ദിസ്ഥാന്‍’ മുന്നില്‍ കണ്ടുള്ള അമേരിക്കയുടെ തന്ത്രം അപകടകരമായ പതനത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക എന്നാണ് രാഷ്ട്രീയ ചിന്തകരുടെ വിലയിരുത്തല്‍.
മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ വംശീയ ന്യൂപക്ഷമായ കുര്‍ദു വംശജര്‍, ഇറാഖിനും തുര്‍ക്കിക്കും ഇറാനും സിറിയക്കും അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷം പാശ്ചാത്യാനുകൂലികളായി വിശേഷിപ്പിക്കപ്പെടുന്ന ഇവര്‍ക്ക് വടക്കന്‍ മേഖലയില്‍ സ്വയംഭരണ പ്രവിശ്യ ‘കുര്‍ദ്ദിസ്ഥാന്‍’ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു. ഇറാഖീ ഭരണകൂടത്തില്‍ ഭരണഘടനയനുസരിച്ച് പ്രസിഡണ്ട് സ്ഥാനം സുന്നികള്‍ക്ക് ആണ്. പ്രധാനമന്ത്രി ശിയയും പാര്‍ലമെന്റ് സ്പീക്കര്‍ സ്ഥാനം കുര്‍ദുകള്‍ക്കുമാണ്. സ്വയംഭരണ കുര്‍ദ്ദിസ്ഥാന്‍ സ്വതന്ത്ര രാജ്യത്തിന് തുല്യമായ അവകാശത്തോടെ പ്രവര്‍ത്തിക്കുന്നു. മേഖലയിലാകെ 35 മില്യണ്‍ കുര്‍ദു വംശജരുണ്ട്. നാല് മുസ്‌ലിം രാജ്യങ്ങള്‍ക്ക് പുറമെ അര്‍മേനിയയുടെ അതിര്‍ത്തിയിലും ഇവരുടെ സ്വാധീന കേന്ദ്രങ്ങളുണ്ട്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ‘കുര്‍ദ്ദിസ്ഥാനെ’ വിവിധ രാജ്യങ്ങള്‍ക്ക് ആണ് വിഭജിച്ച് നല്‍കിയത് 1920-ല്‍ കോളനി വാഴ്ച നടത്തിയ ഫ്രാന്‍സും മറ്റ് പാശ്ചാത്യ നാടുകളുമാണ്. പഴയ കുര്‍ദ്ദിസ്ഥാന്‍ പുനഃസ്ഥാപിക്കപ്പെടുക എന്നാണ് കുര്‍ദുകള്‍ ലക്ഷ്യം വെക്കുന്നത്. അതിന് വേണ്ടിയുള്ള സായുധ പോരാട്ടത്തിലാണ് കുര്‍ദുകള്‍. സിറിയയിലെ ഐ.എസ് സ്വാധീന കേന്ദ്രമായ റഖാ പ്രവിശ്യ തിരിച്ച്പിടിക്കാനാണത്രെ കുര്‍ദുകള്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നത്. സിറിയന്‍ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടി (പി.വൈ.ഡി) ആണ് ഐ.എസിന് എതിരെ പോരാട്ടം നയിക്കുന്നത്. തുര്‍ക്കിയില്‍ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുകയും കലാപം നടത്തുകയും ചെയ്യുന്ന പി.കെ.കെ എന്ന കുര്‍ദ്ദിഷ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സായുധ വിഭാഗമാണ് സിറിയയിലെ പി.വൈ.ഡി.
1978-ല്‍ അബ്ദുല്ല ഓക്‌ലോവിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട പി.കെ.കെ, 1984 മുതല്‍ സായുധ പോരാട്ടത്തിലാണ്. ഇടക്കാലത്ത് പി.കെ.കെയെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തുര്‍ക്കിയിലെ എ.കെ പാര്‍ട്ടി ഭരണകൂടം ശ്രമിച്ചു. അബ്ദുല്ല ജയില്‍ മോചിതനായി. കുര്‍ദ്ദിഷ് ഭാഷക്ക് ഭരണഘടന പദവി ലഭിച്ചു. കുര്‍ദു വിഭാഗത്തിന്റെ ആവശ്യങ്ങളില്‍ മിക്കവയും അംഗീകരിച്ച് 2015-ല്‍ കരാറിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കാന്‍ യൂണിയന്‍ നേതൃത്വം മുന്നോട്ട് വെച്ച ഉപാധികള്‍ അനുസരിക്കുക കൂടിയായിരുന്നു തുര്‍ക്കി. പക്ഷെ, അവസരങ്ങള്‍ വളരെയേറെ ലഭിക്കുകയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളില്‍ ഒന്നായി പി.കെ.കെ വളരുകയും ചെയ്തുവെങ്കിലും കുര്‍ദുകള്‍ ആയുധം താഴെ വെച്ചില്ല. സ്‌ഫോടനം തുര്‍ക്കിയുടെ പല ഭാഗങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ എ.കെ പാര്‍ട്ടി സര്‍ക്കാര്‍, കുര്‍ദുകള്‍ക്ക് നേരെ കടുത്ത നടപടിയിലേക്ക് നീങ്ങി. സിറിയന്‍ കുര്‍ദുകള്‍ വഴി തുര്‍ക്കി കുര്‍ദുകള്‍ക്ക് ആയുധം എത്തുമെന്ന് തുര്‍ക്കി നേതൃത്വം തിരിച്ചറിയുന്നത് കൊണ്ടാണത്രെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. സിറിയയില്‍ അസദ് ഭരണകൂടത്തിന് എതിരെ തുര്‍ക്കിക്കും അമേരിക്കക്കും ഒരേ നയമാണെങ്കിലും കുര്‍ദുകളെ പ്രോത്സാഹിപ്പിക്കുന്നതിനെ തുര്‍ക്കി അനുകൂലിക്കുന്നില്ല. ഇത്തരം നീക്കം രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്നാണ് തുര്‍ക്കി നിലപാട്. അസദ് ഭരണകൂടത്തിനും അതോടൊപ്പം ഐ.എസ് ഭീകരര്‍ക്കും എതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ സഹായത്തോടെ പോരാട്ടം തുടരുന്നുണ്ട്. സമാധാന ചര്‍ച്ച മറുവശത്തും നടന്നുവരുന്നു.
രാജ്യത്തിനകത്ത് നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ തുര്‍ക്കി അതിര്‍ത്തിയിലെ സിറിയന്‍ പ്രദേശത്തെ കുര്‍ദു മേഖലകളില്‍ പലപ്പോഴും തുര്‍ക്കി വ്യോമാക്രമണം നടത്താറുണ്ട്. അമേരിക്കയുമായി അടുത്ത സൗഹൃദം പുലര്‍ത്തുമ്പോള്‍ തന്നെ തുര്‍ക്കി ‘അടിമ’ രാജ്യമാകാന്‍ ആഗ്രഹിക്കുന്നില്ലത്രെ. എ.കെ പാര്‍ട്ടി സര്‍ക്കാര്‍ റജബ് തയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ശേഷം വ്യക്തിത്വം നിലനിര്‍ത്താന്‍ ശ്രമിച്ചുവരികയാണല്ലോ. അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തില്‍ അംഗമായി തുടരുന്ന തുര്‍ക്കി, ഇപ്പോള്‍ സിറിയയിലെ സമാധാന ചര്‍ച്ചയില്‍ റഷ്യ, ഇറാന്‍ രാഷ്ട്രങ്ങള്‍ക്കൊപ്പം നടത്തുന്ന നീക്കം ട്രംപ് ഭരണകൂടത്തിന് ഇഷ്ടപ്പെടില്ല. ഇസ്രാഈലിന് എതിരെ ശക്തമായ നിലപാടും തുര്‍ക്കി ഭരണകൂടത്തിനുണ്ട്. ഫലസ്തീന്‍ സമൂഹത്തിന് ഒപ്പമാണ് തുര്‍ക്കി എന്നും തെളിയിച്ചു. ഉറുദുഗാന്‍ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ കിട്ടാവുന്ന അവസരങ്ങള്‍ അമേരിക്ക പാഴാക്കുന്നില്ല. കഴിഞ്ഞ ജൂലൈയില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ നടന്ന ശ്രമത്തിന് പിന്നില്‍ പാശ്ചാത്യ കരങ്ങളുണ്ടെന്ന് ഉറുദുഗാന്‍ ആരോപിച്ചിരുന്നു. അമേരിക്കയില്‍ പ്രവാസ ജീവിതം നയിക്കുന്ന ഫത്ഹുല്ല ഗുലന്‍ എന്ന സൂഫി പണ്ഡിതനാണ് അട്ടിമറിക്ക് പിന്നിലെന്നും അമേരിക്ക സഹായിക്കുകയാണെന്നും തുര്‍ക്കി ഭരണകൂടത്തിന് ആക്ഷേപമുണ്ട.് ഗുലനെ വിട്ടുകിട്ടണമെന്നാവശ്യം അമേരിക്ക പരിഗണിക്കാത്തതില്‍ തുര്‍ക്കിക്ക് കടുത്ത പ്രതിഷേധവുമുണ്ട്. അതിലിടക്ക് കുര്‍ദുകള്‍ക്ക് ആയുധം നല്‍കാനുള്ള പുതിയ നീക്കം രാഷ്ട്രാന്തരീയ രംഗത്ത് റഷ്യ, ചൈന, ഇറാന്‍ എന്നിവക്ക് ഒപ്പം ഉറുദുഗാന്‍ സര്‍ക്കാര്‍ നിരവധി പ്രശ്‌നങ്ങളില്‍ സഹകരിക്കുന്നുണ്ട്. പ്രധാന പ്രശ്‌നം സിറിയയില്‍ സമാധാനം വീണ്ടെടുക്കാനുള്ള സമ്മേളനമാണ്. ഈ സമ്മേളനത്തോട് അമേരിക്ക ഇതേവരെ സഹായിച്ചില്ല.
കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്ന വിഷയത്തില്‍ തുര്‍ക്കിക്ക് പുറമെ, അമേരിക്കയോട് സൗഹൃദം പുലര്‍ത്തുന്ന ഇറാഖിന്റെയും എതിര്‍പ്പ് അമേരിക്കയെ വിഷമവൃത്തത്തിലാക്കും. മഹാഭൂരിപക്ഷവും സുന്നി വിശ്വാസികളാണ് കുര്‍ദു വംശജര്‍ എങ്കിലും മേഖലയിലെ നാല് രാഷ്ട്രങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

84000 രൂപ കൈക്കൂലിയുമായി പിടിയിലായപ്പോള്‍ പൊട്ടിക്കരഞ്ഞ എഞ്ചിനീയറുടെ വീട്ടില്‍ 4 കിലോ സ്വര്‍ണവും 65 ലക്ഷം രൂപയും

തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാരുദ്യോഗസ്ഥയെ ആന്റി കറപ്ക്ഷന്‍ ബ്യൂറോ കൈയ്യോടെ പിടികൂടി. തെലങ്കാനയിലാണ് സംഭവം നടന്നത്. തെലങ്കാന ട്രൈബല്‍ വെല്‍ഫെയര്‍ എന്‍ജീനിയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ എക്‌സിക്യൂട്ടീവ് എന്‍ജീനിയറായ കെ. ജഗ ജ്യോതിയെയാണ് 84000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.

ജഗ ജ്യോതി കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയുമായി ഒരാള്‍ ആന്റി കറപ്ക്ഷന് ബ്യൂറോയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് ഇവരെ കൈയ്യോടെ പിടികൂടിയത്.

ഇവരുടെ വീട്ടിലും പൊലീസ്‌ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ 65 ലക്ഷം രൂപയും 4 കിലോ സ്വര്‍ണ്ണവും കണ്ടെത്തി. രണ്ട് കോടിയിലധികം മൂല്യം വരും ഇവയ്ക്ക്. നിയമവിരുദ്ധമായാണ് ഇവര്‍ ഇത്രയധികം സ്വത്ത് സമ്പാദിച്ചതെന്നും പൊലീസ്‌
പറഞ്ഞു.

ഫിനോഫ്തലീന്‍ ലായനി പരിശോധനയിലൂടെയാണ് ജഗ ജ്യോതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കെ. ജഗ ജ്യോതി അനര്‍ഹമായ പണം നേടാന്‍ ഔദ്യോഗിക പദവിയിലിരുന്ന് സത്യസന്ധതയില്ലാതെ പ്രവര്‍ത്തിച്ചുവെന്നും ആന്റി കറപ്ക്ഷന്‍ ബ്യൂറോ പറഞ്ഞു.

Continue Reading

india

പുഴയിൽ മീൻ പിടിക്കുന്നതിനിടെ യുവാവിന്റെ കാൽ കടിച്ചെടുത്ത് സ്രാവ്; രക്തം വാർന്ന് കുഴഞ്ഞുവീണു

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം.

Published

on

മഹാരാഷ്ട്രയില്‍ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് നേരെ സ്രാവിന്റെ ആക്രമണം. ചുറ്റും വട്ടമിട്ട് കറങ്ങിയ സ്രാവ് മത്സ്യത്തൊഴിലാളിയുടെ ഇടതുകാല് കടിച്ചെടുത്തു. രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. വിക്കി ഗൗരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്. മറ്റു മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്രാവ് യുവാവിനെ ആക്രമിച്ചത്. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇടതുകാലില്‍ മുട്ടിന് താഴെയാണ് വിക്കിക്ക് നഷ്ടമായത്.

രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിക്കിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. സ്രാവിന്റെ ആക്രമണം നാട്ടുകാര്‍ക്ക് ഇടയില്‍ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ പിടികൂടി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ സ്രാവുകള്‍ ഉണ്ടോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍.

Continue Reading

Health

മലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു

ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു.

Published

on

ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം വലിയതോതില്‍ ഉയരുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം പത്ത് ദിവസത്തിനിടെ 50 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് എ-യും അഞ്ചുപേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി-യും സ്ഥിരീകരിച്ചു. ഇതിനേക്കാള്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഇക്കാലയളവില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം അമ്പതോളം ജീവനക്കാര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. കൊണ്ടോട്ടി, പള്ളിക്കല്‍ ബസാര്‍ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ക്കാണ് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി മുനിസിപ്പിലാറ്റിയിലും പരിസര പ്രദേശങ്ങളിലും നൂറിലധികം പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ ടീമുകള്‍ രണ്ടുദിവസമായി ഇവിടം കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. കിണറുകളില്‍ സെപ്റ്റിക് മാലിന്യം കലര്‍ന്നതാണ് മഞ്ഞപ്പിത്തം കൂടാന്‍ കാരണം. കിണറുകളില്‍ ജലവിതാനം കുറഞ്ഞതോടെ ചെരിഞ്ഞ പ്രദേശങ്ങളില്‍ നിന്ന് സെപ്റ്റിക് മാലിന്യങ്ങള്‍ താഴേക്ക് ഊര്‍ന്നിറങ്ങിറങ്ങിയതാണ് രോഗവ്യാപനത്തിന് വഴിവച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ രോഗബാധിത പ്രദേശങ്ങളിലെ ജലസ്രോതസുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നുണ്ട്.

മടിക്കല്ലേ ചികിത്സയ്ക്ക്

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി വേഗത്തില്‍ വൈദ്യസഹായം തേടാനും ഒറ്റമൂലി ചികിത്സകള്‍ ഒഴിവാക്കാനും ആരോഗ്യവകുപ്പ് മുന്നറിയിപ്പേകുന്നുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറല്‍ രോഗമാണ് മഞ്ഞപ്പിത്തം. കിണറിലെ വെള്ളം മലിനമാകുമ്പോള്‍ അതു വഴിയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വിവാഹം,? സത്കാര വേളകളിലും മറ്റും ഉപയോഗിക്കുന്ന കൊമേഴ്‌സ്യല്‍ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേനയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടരുന്നത്.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛര്‍ദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്.
രക്ത പരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം പൂര്‍ണമായി സ്ഥിരീകരിക്കാനാവൂ.
സാധാരണഗതിയില്‍ രോഗാണു ശരീരത്തിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗമുണ്ടാകുന്നതെങ്കിലും ചിലപ്പോള്‍ ഇത് ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാവാം.
കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കി. രോഗ വ്യാപനത്തിന് വഴിയൊരുക്കിയാല്‍ ശക്തമായ നടപടിയെടുക്കും. ചൂട് കനത്തതോടെ ചുടുവെള്ളത്തിന് പകരം പച്ചവെള്ളം കുടിക്കുന്ന ശീലം വര്‍ദ്ധിച്ചത് രോഗവ്യാപനത്തിന് കാരണമായിട്ടുണ്ട്.

 

Continue Reading

Trending