കൊല്‍ക്കത്ത: ബംഗാള്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഏഴില്‍ നാലു നഗരസഭകളും പിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന നഗരസഭകള്‍ പിടിച്ചടക്കി ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച ശക്തി തെളിയിച്ചു. ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ചയുമായി സഖ്യം ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഡാര്‍ജലിങ് പര്‍വത മേഖലയിലെ മൂന്ന് കോര്‍പറേഷനുകളില്‍ വിജയിക്കാനായി.

പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ദൊന്‍കല്‍, റയ്ഗഞ്ച് നഗരസഭകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസിനൊപ്പം സഖ്യം കൂടി മത്സരിച്ച ഇടതുപക്ഷത്തിന് ഏതാനും സീറ്റുകള്‍ മാത്രമേ വിജയിക്കാനായുള്ളൂ.

പര്‍വത മേഖലകളിലെ നഗരസഭകളില്‍ വലിയ വിജയം നേടാന്‍ സാധിച്ചുവെന്ന് അവകാശപ്പെട്ട ഗുര്‍ഖ ജന്‍മുക്തി മോര്‍ച്ച ഗൂര്‍ഖാലാന്‍ഡ് എന്ന തങ്ങളുടെ ആഹ്വാനത്തിനുള്ള പിന്തുണയാണ് ഈ വിജയം തെളിയിക്കുന്നതെന്ന് പറഞ്ഞു.
അതേസമയം, മമത ബാനര്‍ജിയുടെ വികസന നയങ്ങള്‍ക്കുള്ള സാക്ഷ്യപ്പെടുത്തലാണ് ഈ വിജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.