ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇരു ടീമുകളും ഇതുവരെ ലോകകപ്പില്‍ മുത്തമിടാത്തവരായതിനാല്‍ ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്‌സില്‍ ആര് കപ്പ് നേടിയാലും അത് ചരിത്രമാകും. ഓസീസിനെ തോല്‍പിച്ച് കലാശക്കളിക്ക് അര്‍ഹത നേടിയ ഇംഗ്ലണ്ട് ഈ ലോകകപ്പിലെ ഏറ്റവും സന്തുലിത ടീമായാണ് അറിയപ്പെടുന്നത്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ മികവ് പ്രകടിപ്പിക്കുന്ന ഇംഗ്ലീഷ് സംഘത്തെ പിടിച്ചു കെട്ടാന്‍ ന്യൂസിലന്‍ഡിന് ഏറെ വിയര്‍ക്കേണ്ടി വരും. കടലാസില്‍ ഇംഗ്ലണ്ടാണ് കരുത്തരെങ്കിലും ഇന്ത്യയെ സെമിഫൈനലില്‍ മറിച്ചിട്ട കിവീസ് ആരെയും തോല്‍പിക്കാന്‍ പ്രാപ്തമായ ടീമാണ്. ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താനായിരിക്കും ശ്രമിക്കുക. ഈ ലോകകപ്പില്‍ ലോഡ്‌സില്‍ നടന്ന നാല് മത്സരത്തിലും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചത്. ലോഡ്‌സില്‍ നടന്ന നാല് ലോകകപ്പ് ഫൈനലില്‍ മൂന്നിലും കിരീടം ഉയര്‍ത്തിയത് ആദ്യം ബാറ്റു ചെയ്തവരാണ്.