ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവില്‍ ആഗോളതലത്തില്‍ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. എന്നാല്‍, പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതല്‍ വാട്‌സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ ആഗോളതലത്തിലെ ഡൗണ്‍ലോഡിങ് കുത്തനെ കൂടുകയും ചെയ്തു.

ഈ വര്‍ഷത്തെ ആദ്യ മാസത്തില്‍ തന്നെ ടെലിഗ്രാം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി മാറി. ജനുവരിയില്‍ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്.

സെന്‍സര്‍ ടവര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ടെലിഗ്രാം ഇന്‍സ്റ്റാളുകള്‍ ഉള്ള രാജ്യങ്ങളില്‍ ഇന്ത്യയില്‍ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ടെലിഗ്രാം ഉപയോക്താക്കളുടെ പെട്ടെന്നുള്ള കുതിപ്പിന് വാട്‌സാപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ചുള്ള സമീപകാല വിവാദങ്ങള്‍ കാരണമായിരിക്കാം. ടെലിഗ്രാമിന് പുറമെ സിഗ്‌നല്‍ ആപ്ലിക്കേഷനും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലേയിലെ ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ഡിസംബറില്‍ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിള്‍ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗണ്‍ലോഡ് ആപ്പുകളുടെ പട്ടികയില്‍ ഇടംനേടാനും സാധിച്ചു.