ഹൈദരാബ്ദ്: ഭര്‍ത്താവിനെ കൊണ്ടുപോകാന്‍ സ്‌ട്രെച്ചര്‍ കിട്ടാത്തതുമൂലം ഭാര്യ വലിച്ചിഴച്ച് കൊണ്ടുപോയി. ദയനീയമായ ഈ സംഭവം നടന്നത് ഹൈദരാബാദിലെ അനന്ദ്പൂരിലെ ഗുണ്ടകല്‍ സര്‍ക്കാര്‍ ആസ്പത്രിയിലാണ്.

വയറുവേദനയെ തുടര്‍ന്നാണ് 46കാരനായ ശ്രീനിവാസാചാരിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവശ നിലയിലായ ശ്രീനിവാസാചാരിയെ ഒന്നാം നിലയിലേക്ക് കൊണ്ടുപോകാന്‍ സ്‌ട്രെച്ചറോ വീല്‍ച്ചെയറോ ഭാര്യ ശ്രിവാനിക്ക് ലഭിച്ചിരുന്നില്ല. പിന്നീട് നിലത്തിട്ട് റാംപിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. കാഴ്ച്ചകണ്ട് ചുറ്റിലും ആളുകള്‍ കൂടിയെന്നതല്ലാതെ ആരും അവരെയൊന്ന് സഹായിക്കാന്‍ മുന്നോട്ട് എത്തിയതുമില്ല. വലിച്ചിഴക്കുന്നതിന്റെ ഒരു വീഡിയോ മൊബൈല്‍ ക്ലിപ്പ് പുറത്തുവന്നതോടെ സംഭവം ആസ്പത്രി അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.

ആസ്പത്രിയില്‍ അഞ്ചു സ്‌ട്രെച്ചറുകള്‍ ഉണ്ടെന്നും സംഭവം അറിയുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും ആസപ്ത്രിയുടെ ചുമതലയുള്ള മല്ലികാര്‍ജുന്‍ റെഡ്ഡി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആസ്പത്രിക്ക് വേണ്ട വീല്‍ച്ചെയറുകള്‍ എത്തിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.