ബാംഗളൂരു: ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ മുന്‍ കായിക താരം അറസ്റ്റില്‍. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് ഇഖ്ബാല്‍ സിംഗ് ബൊപാറൈയാണ് അമേരിക്കയില്‍ അറസ്റ്റിലായത്. ന്യൂട്ടന്‍ സ്‌ക്വയര്‍ പൊലീസാണ് ഇഖ്ബാല്‍ സിംഗിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

1983-ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ ഷിപ്പില്‍ ഷോട്ട്പുട്ടില്‍ വെങ്കല മെഡല്‍ ജേതാവാണ് ഇഖ്ബാല്‍ സിംഗ്. പിന്നീട് ടാറ്റ സ്റ്റീലിലും പഞ്ചാബ് പൊലീസിലും ജോലി ചെയ്ത ശേഷം യുഎസ്എയിലേക്ക് കുടിയേറി. ഫിലാഡെല്‍ഫിയയിലായിരുന്നു താമസം.

ഇഖ്ബാല്‍ സിംഗ് ഭാര്യയേയും അമ്മയേയും കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. വീടിനുള്ളിലായിരുന്നു കൊലപാതകം. കഴുത്തറുത്താണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാളുടെ മക്കളാണ് പൊലീസില്‍ വിവരമറിയിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്തുക്കള്‍ ഞെട്ടലിലാണ്. വളരെ സൗമ്യനും മാന്യനുമായ ഇഖ്ബാല്‍ സിംഗ് ഇത്തരമൊരു ക്രൂരകൃത്യം ചെയ്‌തെന്ന് പലര്‍ക്കും വിശ്വസിക്കാനാകുന്നില്ല.