ഇന്ത്യ-യുഎഇ എയര്‍ ബബിള്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 80,000ത്തോളം ഇന്ത്യക്കാര്‍ ഇതിനകം യുഎഇയില്‍ നിന്ന് തിരിച്ചെത്തിയെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നീരജ് അഗര്‍വാള്‍. പ്രതിദിനം 3000 യാത്രക്കാരാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ കോണ്‍സുലേറ്റിലും എംബസിയിലും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. ഇതേതുടര്‍ന്ന് നാട്ടിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. എന്നാല്‍ യാത്രക്കു പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളിലോ ക്വാറന്റൈന്‍ പോലുള്ള വ്യവസ്ഥകളിലോ ഇന്ത്യ ഇളവു വരുത്തിയിട്ടില്ല.

അതേസമയം ഇന്ത്യയില്‍ നിന്ന് കൂടുതല്‍ പേര്‍ യുഎഇയിലേക്ക് മടങ്ങുന്നുമണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള യാത്രാ സംവിധാനങ്ങള്‍ സാധാരണ നിലയിലെത്തുന്നുവെന്നതിന്റെ സൂചനകളാണ് ഇതു നല്‍കുന്നത്.

ഇന്ത്യയിലുള്ള യുഎഇ നിവാസികള്‍ക്ക് ഇപ്പോള്‍ വളരെ വേഗത്തില്‍ മടങ്ങാനുള്ള അനുമതി ലഭിക്കുന്നുണ്ടെന്ന് ദുബായിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിസിറ്റിങ് വിസ യാത്രക്കാര്‍ക്കും വളരെ വേഗത്തില്‍ അനുമതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞു മൂന്നു ദിവസമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രക്കാരുടെ സ്ഥിരമായ ഒഴുക്കുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.