തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് സിനിമയിലെ വനിതാകൂട്ടായ്മ വെട്ടിലായി. സിനിമക്കും സംഘടനക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷ ദിവസം ആശംസകളോടൊപ്പം വനിതാക്കൂട്ടായ്മ സ്വന്തം പേജില്‍ സംഘടന ഷെയര്‍ ചെയ്തത്.
സിനിമയില്‍ മമ്മൂട്ടിയെയും ദിലീപിനെയും പോലുള്ള താരങ്ങള്‍ സ്ത്രീവിരുദ്ധത ആവര്‍ത്തിക്കുന്നത് എങ്ങനെയെന്ന് വിലയിരുത്തുന്ന ലേഖനമാണ് വിവാദ നടപടികള്‍ക്ക് ആധാരമായത്.

‘2017 സിനിമാലോകത്തിന് വളരെ അര്‍ത്ഥവത്തായ വര്‍ഷമായിരുന്നു. മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വര്‍ഷമായിരുന്നു. സ്വാതന്ത്ര്യവും ജനാധിപത്യവും തുല്യതയും ഉറപ്പുവരുത്തുന്ന രീതിയിലാകട്ടെ ആ ഉയര്‍ത്തെഴുന്നേല്‍പ്പും വിമര്‍ശനങ്ങളും ചെന്നെത്തേണ്ടതെന്ന് ഞങ്ങള്‍ ആശംസിക്കുന്നു.’ എന്ന ആമുഖത്തോടെയാണ് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം അവരുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയെ പലരീതിയില്‍ കടന്നാക്രമിക്കുന്നതായിരുന്നു ലേഖനം.