തൃശൂര്‍: ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുജാത, കാമുകന്‍ സുരേഷ് ബാബു എന്നിവരും ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലുപേരുമാണ് പൊലീസ് പിടിയിലായത്. സുജാതയുടെ ഭര്‍ത്താവ് കൃഷ്ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്വട്ടേഷന്‍ സംഘം കാറിടിച്ച് കൊല്ലാന്‍ നോക്കിയത്. പരുക്കേറ്റ കൃഷ്ണകുമാര്‍ ചികിത്സയിലാണ്.

വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആളാണ് കൃഷ്ണകുമാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ വയനാട്ടിലേക്ക് പോവുകയായിരുന്ന കൃഷ്ണകുമാറിനെ വഴിയരികിലൂടെ നടന്ന് പോവുമ്പോഴാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമം നടന്നത്. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കൃഷ്ണകുമാറിനെ കണ്ടപ്പോള്‍ തിരിച്ചു വന്ന് ഇടിക്കുകയായിരുന്നു.

ഇതില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കാറിന്റെ നമ്പര്‍ സംഘടിപ്പിച്ച് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിയ്യൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷന്‍ കഥ പുറത്തു വന്നത്.

കൃഷ്ണകുമാര്‍ വയനാട്ടിലാവുമ്പോള്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോവാറുള്ളത്. ആ ബസിലെ ഡ്രൈവറാണ് സുരേഷ്ബാബു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം സുരേഷ്ബാബുവുമായി ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി.