ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതിയില്‍ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തല്‍. ഉണ്ണിമുകുന്ദന്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ഈ കേസില്‍ ഉണ്ണിമുകുന്ദന്‍ ജാമ്യത്തിലാണെന്നും യുവതി പറഞ്ഞതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നാലം മാസം മുമ്പാണ് സ്വകാര്യ അന്യായം പരിഗണിച്ച് കാക്കനാട് കോടതി ഉണ്ണിമുകുന്ദനെതിരെ കേസ് എടുത്തത്. ഇതില്‍ ജാമ്യത്തിലാണ് ഉണ്ണിമുകുന്ദന്‍. തുടര്‍ന്ന് തനിക്കുനേരെ പണം തട്ടാന്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. ‘ഉണ്ണിമുകുന്ദനോട് കഥ പറയാന്‍ സുഹൃത്തുവഴി സമയം വാങ്ങിയതിനെ തുടര്‍ന്ന് ഇടപ്പള്ളിയിലെ വീട്ടിലെത്തുകയായിരുന്നു ഞാന്‍. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി. അവിടെയെത്തുമ്പോള്‍ ഉണ്ണി അല്‍പ്പം ക്ഷോഭത്തിലായിരുന്നു. കഥ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉണ്ണിമുകുന്ദന്‍ പറഞ്ഞു. പിന്നീട് സ്‌ക്രിപ്റ്റ് ചോദിച്ചു. അത് ഞാന്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റപ്പോള്‍ അയാള്‍ എന്നെ കയറിപ്പിടിച്ചു. ഞാന്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു പുറത്തേക്കിറങ്ങി.’ -യുവതി പറഞ്ഞു. പിന്നീട് താന്‍ സുഹൃത്തിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞുവെന്നും യുവതി പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ താന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് ഉണ്ണിമുകുന്ദന്‍ തന്നെ വിളിച്ചിരുന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്. പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്തതിനാലാണ് പോലീസ് പരാതി നല്‍കാതിരുന്നതെന്ന് യുവതി വ്യക്തമാക്കി.

പീഢനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് 25ലക്ഷം രൂപ തട്ടാന്‍ യുവതി ശ്രമിച്ചുവെന്നാണ് ഉണ്ണിമുകുന്ദന്‍ പരാതി നല്‍കിയിരിക്കുന്നത്. ഒറ്റപ്പാലം പൊലീസ് സ്‌റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.