മുംബൈ: ഗുജറാത്തില്‍ ഭരണവിരുദ്ധവികാരമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പറയുന്ന എക്‌സിറ്റ് പോളുകളില്‍ തനിക്ക് വിശ്വാസമില്ലെന്ന് താക്കറെ പറഞ്ഞു. തന്റെ വസതിയില്‍വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു താക്കറെ.

ഗുജറാത്തിലെ രാഷ്ട്രീയ സാഹചര്യവും എക്‌സിറ്റ് പോള്‍ ഫലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ബിജെപിക്കെതിരെ ഭരണവിരുദ്ധവികാരം വളരെ ശക്തമായിരുന്നു. അതുകൊണ്ടുതന്നെ, എക്‌സിറ്റ്‌പോള്‍ ഫലവും യഥാര്‍ഥ ഫലവും ഒരുപോലെയാകുമെന്നു കരുതാനാകുന്നില്ല. തിങ്കളാഴ്ച്ച പുറത്തുവരാനിരിക്കുന്ന അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. രാഹുല്‍ഗാന്ധി ഗുജറാത്തിനായി പരിശ്രമിച്ചിട്ടുണ്ടെന്നും വിജയം നേടുമെന്നാണ് തന്റെ വിശ്വാസമെന്നും താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ രാഹുല്‍ഗാന്ധിക്ക് ആശംസകള്‍ നേരരുന്നുവെന്നും താക്കറെ അറിയിച്ചു.

കഴിഞ്ഞ ദിവസം ഒരു വര്‍ഷത്തിനകം ഭരണം വിടുമെന്ന് യുവസേന അധ്യക്ഷന്‍ ആദിത്യ താക്കറെ പറഞ്ഞിരുന്നു. ഇതിനെ വ്യക്തമാക്കുന്ന രീതിയില്‍ തന്നെയായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.