india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

By webdesk14

May 28, 2025

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.