kerala

‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്

By webdesk17

May 28, 2025

നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സി.പി.എമ്മിനെ ട്രോളി മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തിയെന്ന് അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസ പോസ്റ്റിന് പിന്നാലെയാണ് അബ്ദുറബ്ബിന്റെ ട്രോള്‍.

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി; തെരച്ചില്‍ നാളെ വീണ്ടും തുടരും… നാളെയും കിട്ടിയില്ലെങ്കില്‍ തെരച്ചില്‍ മറ്റന്നാളും തുടരുമെന്നാണറിയുന്നത്.

അതേസമയം നിലമ്പൂരില്‍ മത്സരിക്കാന്‍ ആളെ തപ്പി അങ്ങാടിയില്‍ നടക്കാതെ ധൈര്യമുണ്ടെങ്കില്‍ മണ്ഡലത്തില്‍ എം. സ്വരാജിനെ മത്സരിപ്പിക്കണമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടത്.

സിറ്റിങ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം. സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും അദ്ദേഹം അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോയെന്നും രാഹുല്‍ പറയുന്നു.