കോഴിക്കോട്: പ്രഥമ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് കോടഞ്ചേരിയില്‍ നാളെ തുടക്കമാവും. ഒളിമ്പിക്‌സ് ജേതാക്കളടക്കം ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മത്സരത്തിനെത്തുന്ന ചാമ്പ്യന്‍ഷിപ്പ് ഇത്തവണ സംസ്ഥാന ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തിലാണു നടക്കുന്നത്. 22 വരെ കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഴിഞ്ഞിപ്പുഴ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ അഞ്ചു ദിവസങ്ങളിലായി 25 ടീമുകളാണു പങ്കെടുക്കുന്നത്. ഫ്രഞ്ച് ഒളിമ്പിക്‌സ് സംഘാംഗവും നിലവിലെ ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, സ്‌പെയിനില്‍ നിന്നുള്ള ഗോഡ് സെറ സോള്‍സ്, 2012 ഒളിംപിക് വെള്ളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീ സ്‌റ്റെല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീ സ്‌റ്റെല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ തുടങ്ങിയ ലോകോത്തര കായിക താരങ്ങള്‍ ഇത്തവണ മാറ്റുരക്കും. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, ഇന്തോനേഷ്യ, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വേ, നേപ്പാള്‍, മലേഷ്യ, സിങ്കപ്പൂര്‍, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹോളണ്ട്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി നൂറ്റന്‍പതിലേറെ പുരുഷ, വനിതാ താരങ്ങളെത്തും. കൂടാതെ ഇന്ത്യന്‍ താരങ്ങളും കേരളത്തില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികളും പങ്കെടുക്കുന്നുണ്ട്. വിജയിക്ക് 15 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക.
നാളെ ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍ ആരംഭിക്കും. 19ന് ഇന്റര്‍ മീഡിയറ്റ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയത്ത് നടക്കും. 20ന് ബോട്ടര്‍ ക്രോസ് മല്‍സരങ്ങള്‍ ആനക്കാംപൊയിലിലും 21ന് ഇതിന്റെ ഫൈനലും ഡൗണ്‍ റിവര്‍ മല്‍സരങ്ങളും നടക്കും. 22ന് അരിപ്പാറയിലാണ് സൂപ്പര്‍ ഫൈനല്‍. ഇതോടൊപ്പം ഇന്റര്‍മീഡിയറ്റ് ഫൈനല്‍ പുലിക്കയത്തും നടക്കും. 19ന് വൈകീട്ട് അഞ്ചിന് കയാക്കിംഗ് മത്സരം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മീന്‍തുള്ളിപാറയില്‍ ഉദ്ഘാടനം ചെയ്യും.
സമാപനം 22ന് കോടഞ്ചേരിയില്‍ നടക്കും. വിദേശികളടക്കം നിരവധി താരങ്ങള്‍ നേരത്തെ തന്നെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ഇവര്‍ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ കരിയാത്തുംപാറ പുഴ എന്നിവിടങ്ങളിലായി പരിശീലനം നടത്തിവരികയാണ്. ഒന്നാമത് ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലുമാണ് തുഷാരഗിരിയില്‍ നടക്കുന്നത്. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ഥിരം കയാക്കിങ് കേന്ദ്രം തുഷാരഗിരിയില്‍ സജ്ജമാക്കാന്‍ സര്‍ക്കാറിന് പദ്ധതിയുണ്ട്.