ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യന്‍ ടെസ്റ്റ് ടീം വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. 20 പന്തുകളിലാണ് സാഹ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. കൊല്‍ക്കത്തയില്‍ ഇന്ന് നടന്ന ജെ.സി മുഖര്‍ജി ട്രോഫി മത്സരത്തില്‍ മോഹന്‍ ബഗാന്‍ ടീമിന് വേണ്ടി കളിച്ച സാഹ വെടിക്കെട്ട് ബാറ്റിങാണ് കാഴ്ചവെച്ചത്.

ആദ്യം ബാറ്റുചെയ്ത ടീം ബി.എന്‍.ആര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് എടുത്തത്. എന്നാല്‍ മറുപടി ബാറ്റിങിനായി ഓപണര്‍ റോളില്‍ ക്രീസിലെത്തിയ സാഹ തനിക്കെതിരെ പന്തെറിഞ്ഞ ബൗളര്‍മാരെ തുടരെ തുടരെ ബൗണ്ടറിലൈന്‍ കടത്തുകയായിരുന്നു. ആകെ നേരിട്ട 20 പന്തില്‍ നാലു ഫോറും 14 സിക്‌സറുമാണ് പറത്തിയത്. 510 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തിയ താരം 102 റണ്‍സുമായി പുറത്താകാതെ 13 ഓവര്‍ ബാക്കി നില്‍ക്കെ ടീമിനെ വിജയത്തിലെത്തിച്ചു. നായകന്‍ സുബോമോയി ദാസ് 22 പന്തില്‍ 43 റണ്‍സുമായി സാഹക്ക് മികച്ച പിന്തുണ നല്‍കി.

ഇന്ത്യന്‍ താരത്തിന്റെ ഈ മാസ്മരിക പ്രകടനത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. ഐ.പി.എല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി മാത്രം നില്‍ക്കെ സാധരണ ആക്രമിച്ചു കണിക്കാത്ത താരത്തിന്റെ പ്രകടനത്തില്‍ സണ്‍ റൈസേഴ്‌സിന്റെ ആരാധര്‍ വലിയ പ്രതീക്ഷയിലാണ്. ഏപ്രില്‍ ഏഴിന് ഐ.പി.എല്‍ ആരംഭിക്കുക.