ലക്‌നൗ: രാഹുല്‍ ഗാന്ധിയുടെ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയിലെ കാശിരാമേശ്വര ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹത്തിന് ക്ഷേത്രത്തിനകത്ത് എങ്ങനെ ഇരിക്കണമെന്നു പോലും അറിയില്ലെന്നായിരുന്നു ആദിത്യനാഥിന്റെ വിമര്‍ശനം.
എബിപി ന്യൂസ് സംഘടിപ്പിച്ച ശിക്കാര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യോഗി. പള്ളിയില്‍ നമസ്‌കരിക്കാന്‍ ഇരിക്കുന്നതുപോലെയാണ് അദ്ദേഹം ക്ഷേത്രത്തിലിരുന്നതെന്നും പൂജാരി അദ്ദേഹത്തെ ശാസിച്ചെന്നും യോഗി പറഞ്ഞു. രാമനും കൃഷ്ണനും വെറും സങ്കല്‍പ്പമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചെന്നും ദൈവങ്ങളെ വിശ്വസിക്കാത്തവരാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നതെന്നും യോഗി കുറ്റപ്പെടുത്തി.