അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയെ സഖ്യത്തില്‍ ചേര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന് തിരിച്ചടി. മുഴുവന്‍ സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് എന്‍.സി.പി വ്യക്തമാക്കി. കോണ്‍ഗ്രസുമായി സീറ്റു സംബന്ധിച്ച് ധാരണ ആകാത്തതിനാലാണ് എന്‍സിപിയുടെ തീരുമാനം. 2007ലും 2012ലും ഗുജറാത്തില്‍ ഇരു പാര്‍ട്ടികളും സഖ്യത്തിലാണു മല്‍സരിച്ചത്. നിലവില്‍ എന്‍സിപിക്കു നിയമസഭയില്‍ രണ്ട് എംഎല്‍എമാരുണ്ട്.

എന്നാല്‍ നിലവിലെ സാഹചര്യത്തിനു വിരുദ്ധമായി കൂടുതല്‍ സീറ്റുകള്‍ വേണമെന്ന എന്‍സിപിയുടെ നിലപാടാണു സഖ്യം തകരാന്‍ കാരണമെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ആകെയുള്ള 182 സീറ്റുകളിലും എന്‍സിപി ഒറ്റക്ക് മല്‍സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. കോണ്‍ഗ്രസ് സഖ്യത്തില്‍ മല്‍സരിക്കുന്നതിനെക്കാളും തനിയെ നില്‍ക്കുന്നതാണു നല്ലതെന്നു കരുതുന്നതായി പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥികളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി ആവശ്യപ്പെട്ടിരുന്ന സീറ്റുകളില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. എന്‍സിപിയുടെ സിറ്റിങ് എംഎല്‍എ കാണ്ഡല്‍ ജഡേജയുടെ മണ്ഡലമായ കുറ്റിയനയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.

നേരത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് എന്‍.സി.പി പറഞ്ഞിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോടുള്ള ജനങ്ങളുടെ നിലപാടിന്റെ പ്രതിഫലനമാകും ഗുജറാത്ത് ജനവിധിയെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞിരുന്നു.

22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാണ്. എന്നാല്‍ ഇപ്പോള്‍ ജനങ്ങളുടെ ചിന്തകളില്‍ മാറ്റം വന്നിട്ടുണ്ട്. ബി.ജെ.പി ഭരണത്തോടുള്ള അസംതൃപ്തി പ്രകടമാണ്. ഇത് ജനവിധിയില്‍ പ്രതിഫലിക്കും. ബി.ജെ.പി അഴിമതിയില്‍ മുങ്ങിക്കുളിച്ചു. വരുമാന വിവാദവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ മകന്‍ ജെയ് ഷായെ ന്യായീകരിക്കാന്‍ ബി.ജെ.പിയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും അവയുടെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നു എന്നതു തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡിസംബര്‍ ഒന്‍പതിനും 14നുമാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ്. 18നാണ് വോട്ടെണ്ണല്‍.