ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഗ്രയിലെത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി വിശ്വപ്രസിദ്ധമായ പ്രണയ സ്മാരകത്തില്‍ എത്തുന്നത്. താജ്മഹലുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദികള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ് ആദിത്യനാഥിന്റേത് എന്നാണ് സൂചന. സന്ദര്‍ശനത്തിനിടെ താജ്മഹലില്‍ നിന്ന് ആഗ്ര ഫോര്‍ട്ടിലേക്കുള്ള ടൂറിസ്റ്റ് പാത്ത്‌വേ വികസിപ്പിക്കാനുള്ള പദ്ധതിക്ക് യോഗി തറക്കല്ലിടും.

യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം പുറത്തിറക്കിയ യു.പി ടൂറിസം ലിസ്റ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തത് വിവാദമായിരുന്നു. അന്തരീക്ഷ മലിനീകരണം അടക്കമുള്ള വെല്ലുവിളികള്‍ നേരിടുന്നതിന് താജ്മഹലിന് യോഗി ആദിത്യനാഥ് ഗവണ്‍മെന്റ് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തില്ല. അതിനിടെ, കഴിഞ്ഞയാഴ്ച താജ്മഹലിനെതിരെ ബി.ജെ.പി എം.എല്‍.എ സംഗീത് സോം തുടങ്ങിവെച്ച വിദ്വേഷ പ്രചരണം രാജ്യ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടാനിടയായി. ചരിത്രകാരന്മാരും സാമൂഹ്യ പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍, താജ്മഹലിനോടുള്ള ബി.ജെ.പിയുടെ സമീപനത്തിനെതിരെ രംഗത്തു വന്നിരുന്നു.

വിവാദങ്ങള്‍ തണുപ്പിക്കാനും താജ്മഹല്‍ വിഷയത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുമാണ് യോഗി സന്ദര്‍ശനം നടത്തുന്നത്. മെയ് ഏഴിന് യോഗി ആഗ്ര സന്ദര്‍ശിച്ചിരുന്നെങ്കിലും താജ്മഹല്‍ മനഃപൂര്‍വം ഒഴിവാക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് ബിഹാറില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കവെ, താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം പ്രതിഫലിക്കുന്നതല്ല എന്ന് യോഗി പറഞ്ഞിരുന്നു.

വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യ സന്ദര്‍ശിക്കുന്ന ഓരോ നാല് സന്ദര്‍ശകരില്‍ ഒരാള്‍ വീതം താജ്മഹലും സന്ദര്‍ശിക്കാറുണ്ട്. യു.പിയില്‍ ബി.ജെ.പി ഭരണത്തിലേറുകയും വിവാദങ്ങള്‍ തുടര്‍ക്കഥയാവുകയും ചെയ്ത സാഹചര്യത്തില്‍ താജ്മഹല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആഗ്രഹയിലെ ആയിരക്കണക്കിനാളുകളെയും ഇത് പ്രതികൂലമായി ബാധിച്ചു.