മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതി. ഇക്കാര്യം ചൂണ്ടുക്കാട്ടി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ പൊലീസ് പരാതി നേരിട്ട് സ്വീകരിക്കാത്തതിനാല്‍ ഇ മെയിലായാണ് നല്‍കിയത്.

കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎല്‍എയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ എംഎല്‍എ പങ്കെടുത്തിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ സിഎന്‍ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാന്‍ എംഎല്‍എ ഓഫീസിലെത്തിയപ്പോള്‍ സ്ഥലത്തില്ലെന്നാണ് അറിയിച്ചത്. ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

അന്വേഷിച്ച് എംഎല്‍എയെ കണ്ടെത്തണം എന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുന്‍സിപ്പല്‍ പ്രസിഡന്റ് മൂര്‍ഖന്‍ ഷംസുദ്ദീനാണ് പരാതി നല്‍കിയിരിക്കുന്നത്.