Connect with us

Video Stories

മോദി യുഗത്തിന്റെ ബാക്കിപത്രം

Published

on

യൂനുസ് അമ്പലക്കണ്ടി

പശു ഭീകരതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിപ്പിച്ച് ഭിന്നിപ്പിന്റെ വന്‍ മതിലുകള്‍ തീര്‍ക്കാനും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനും കത്തി രാകി മിനുക്കുന്ന സംഘ്പരിവാര്‍ ഫാഷിസം പത്തി വിടര്‍ത്തിയാടുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഭരിക്കുന്നവരുടെ അറിഞ്ഞും അറിയാതെയുമുള്ള ഒത്താശയില്‍ പ്രചോദിതരും ആവേശഭരിതരുമാവുന്ന വര്‍ഗീയവാദികള്‍ കലാപങ്ങള്‍ സൃഷ്ടിച്ചും തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ അക്രമിച്ചും ജയിലിലടച്ചും അതും കഴിഞ്ഞ് നിഷ്‌കാസനം ചെയ്തും ഉന്മാദ നൃത്തം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഹ്വലതകള്‍ വര്‍ദ്ധിച്ചു വരികയാണ്.
യു.പിയില്‍ വിവിധ മത വിശ്വാസികള്‍ ഐക്യത്തിലും സ്‌നേഹത്തിലും കഴിയുന്ന പ്രദേശമായ ബുലന്ദ് ശഹറില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 3-ന് എന്തിനാണ് ഇത്ര ക്രൂരവും പൈശാചികവുമായ കലാപത്തിനും കൊലപാതകത്തിനും സംഘ്പരിവാര്‍ വഴിയൊരുക്കിയത് എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ്. നാടാകെ കത്തിയമരുന്ന കലാപവും തങ്ങള്‍ വര്‍ഷങ്ങളായി നോട്ടമിടുന്ന സത്യ സന്ധനായ പൊലീസ് ഉദേ്യാഗസ്ഥനെ കശാപ്പ് ചെയ്യലുമായിരുന്നു ഹിന്ദുത്വ തീവ്രവാദികളുടെ ലക്ഷ്യം. നല്ലവരായ പൊലീസ് ഉേദ്യാഗസ്ഥരുടേയും നാട്ടുകാരുടേയും സമയോചിത ഇടപെടല്‍ വന്‍ കലാപത്തിന്റെ വഴി അടച്ചെങ്കിലും നീതിമാനായ ആ പൊലീസ് ഓഫീസറെ നീചമായവര്‍ കല്ലെറിഞ്ഞും അക്രമിച്ചും വെടിവെച്ചും കൊന്നു.കലാപത്തിന്റെ വിത്ത് വിതറി മുതലെടുപ്പ് നടത്താനുള്ള പതിവ് തന്ത്രം പാളിയെങ്കിലും അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ വളക്കൂറുള്ള മണ്ണില്‍ നടമാടാന്‍ പോവുന്ന ഭീകരതയുടെ റിഹേഴ്‌സലായിട്ടു വേണം ഈ നെറികേടിനെ നോക്കിക്കാണാന്‍. 2013 ലെ മുസഫര്‍ നഗര്‍ കലാപമായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് വന്‍ വിജയം നേടിക്കൊടുത്തത് എന്ന വസ്തുത ഇതിനോട് ചേര്‍ത്തു വായിക്കുമ്പോഴാണ് ആശങ്കകള്‍ കൊടുമുടി കയറുന്നത്.
ബുലന്ദ് ശഹറിനു ഏറെ അകലെയല്ലാതെ തബ്‌ലീഗ് ജമാഅത്തിന്റെ സ്വദേശികളും വിദേശികളുമായി പത്ത് ലക്ഷത്തിലധികം ആളുകള്‍ സംഗമിച്ച സമ്മേളനം സമാപിക്കുന്ന ദിവസമായിരുന്നു അത്. സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങിപ്പോവുന്ന ദേശീയ പാതയിലാണ് പശു ഭീകരത നിറഞ്ഞാടിയത്. സമ്മേളന പ്രതിനിധികള്‍ മറ്റു വഴികളിലൂടെ തിരിച്ചു പോയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തിനു വന്നവര്‍ പശുക്കളെ കൊന്ന് മാംസം കഴിച്ചുവെന്ന് വരുത്തി ആക്രമിക്കുകയും അതു വഴി വന്‍ കലാപവുമായിരുന്നു സംഘ് പരിവാര്‍ ലക്ഷ്യമെന്ന് വ്യക്തം. രണ്ട് ദിവസം കഴിഞ്ഞ് വരുന്ന ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.
ബുലന്ദ് ശഹറിലെ സിയാന പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിംഗ് അതി ദാരുണമായാണ് സംഭവത്തില്‍ കൊല്ലപ്പെടുന്നത്. അവധി ദിവസം സുബോധ് കുമാറിനെ നിര്‍ബന്ധിച്ച് ഡ്യൂട്ടിക്കെത്തിച്ച് കുരുതി കൊടുത്തതില്‍ പൊലീസിനും പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.പേയിളകിയ ആള്‍ക്കൂട്ടത്തിനിടയില്‍ അദ്ദേഹത്തെ തനിച്ചാക്കി തടി തപ്പിയ മറ്റു പൊലീസുകാര്‍ ഈ ആക്ഷേപത്തിന് ശക്തി കൂട്ടുന്നു. സഹപ്രവര്‍ത്തകര്‍ ഭര്‍ത്താവിനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തുവെന്നാണ് ഭാര്യ രഞ്ജിനി റാത്തോര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. പൊലീസ് സുബോധിനെ കൊലക്ക് കൊടുത്തുവെന്നാണ് സഹോദരിയും സംശയലേശമന്യേ പറയുന്നത്. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന ഒരു സൈനികനാണ് നിറയൊഴിച്ചത് എന്നത് ഭയാനകതയുടെ ആഴം വിളിച്ചോതുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പശുവിന്റെ പേരില്‍ നടന്ന ആദ്യ കൊലപാതകമായിരുന്നു 2015 സെപ്തംബറില്‍ യു.പി.യിലെ ദാദ്രിയില്‍ നടന്നത്. ബലി പെരുന്നാള്‍ ദിവസം അമ്പത് വയസ്സ് കഴിഞ്ഞ ഒരു മനുഷ്യനെ അതും രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ പിതാവിനെ അന്ന് കൊന്നു തള്ളിയത് എത്ര നികൃഷ്ടമായാണ്?
രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന്റെ സത്യങ്ങള്‍ പുറത്ത് കൊണ്ടു വന്നത് തിങ്കളാഴ്ച്ച ബുലന്ദ് ശഹറില്‍ കൊല ചെയ്യപ്പെട്ട സുബോധ് കുമാര്‍ സിംഗാണ്. അഖ്‌ലാക്കിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പശു ഇറച്ചി അല്ലായിരുന്നുവെന്ന് അന്വേഷണത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇതില്‍ പ്രതികളായ സംഘ് പരിവാര്‍ നേതാക്കളെ അഴിക്കുള്ളിലാക്കിയതും സുബോധ് കുമാര്‍ തന്നെ! ദാദ്രിയിലെ കൊലപാതകം നടന്ന 2015 സെപ്തംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പത് വരെ അദ്ദേഹമാണ് കേസന്വേഷിച്ചത്. അഖ്‌ലാക്കിന്റെ കൊലപാതകത്തോടെ ഒറ്റപ്പെട്ടു പോയ ബിസാഡയിലെ ഗ്രാമത്തില്‍ ശാന്തിയും സമാധാനവും തിരിച്ചു കൊണ്ടു വരാന്‍ അദ്ദേഹം ഏറെ ശ്രദ്ധയൂന്നിയിരുന്നു.കേസന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സംഘ് പരിവാറിന്റെ ശത്രുപ്പട്ടികയിലായി.തുടര്‍ന്ന് അദ്ദേഹത്തെ വരാണസിയിലേക്ക് സ്ഥലം മാറ്റി.നിരവധി തവണ സുബോധ് കുമാര്‍ അക്രമണത്തിനുമിരയായിട്ടുണ്ട്.
ദാദ്രി കേസ് വിചാരണ തുടങ്ങാനിരിക്കുകയാണ്. അറസ്റ്റിലായ പ്രതികളൊക്കെ ജാമ്യത്തിലാണുള്ളത്.ഒരു പ്രതി ജയിലില്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞാണ് സംഘ് പരിവാര്‍ ദര്‍ശനത്തിനു വെച്ചത്. അയാളുടെ കുടുംബത്തിനു സര്‍ക്കാറില്‍ നിന്ന് സഹായം വരെ വാങ്ങിക്കൊടുക്കാന്‍ അവരുടെ സംവിധാനങ്ങളൊക്കെ ചടുലമായി പ്രവര്‍ത്തിച്ചു.പ്രതികളില്‍ പലരും ഇന്ന് പൊതു മേഖല സ്ഥാപനമായ എന്‍.ടി.പി.സിയില്‍ താല്‍ക്കാലിക ജോലിക്കാരാണ്. പ്രതികളിലൊരാള്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു.അഖ്‌ലാക്കിനെ വധിച്ചവരോടുള്ള തങ്ങള്‍ക്കുള്ള കൂറും പ്രതിബദ്ധതയും സുബോധ് കുമാറിന്റെ ആസൂത്രിത കൊലപാതകത്തോടെ സംഘ് പരിവാര്‍ പൂര്‍ത്തിയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
യു.പിയിലെ മന്ത്രി തന്നെ കലാപവും കൊലപാതകവും ഹിന്ദുത്വ ശക്തികളുടെ സൃഷ്ടിയാണെന്ന് പരസ്യമായി തുറന്നടിച്ചിട്ടുണ്ട്. ബി.ജെ.പി മുന്നണിയിലെ ഘടകകക്ഷിയായ സുഹല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭര്‍ കലാപം ആര്‍.എസ്.എസ്സും സംഘവും ആസൂത്രിതമായി ചെയ്തതാണെന്നാണ് പറഞ്ഞത്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് ഡി.ജി.പി ഒ.പി.സിംഗും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളില്‍ മൗനം പാലിച്ച യു.പി.മുഖ്യമന്ത്രി പിന്നീട് വാ തുറന്നപ്പോള്‍ പശു ഹത്യയെക്കുറിച്ചാണ് വാചാലനായത്. പൊലീസ് ഓഫീസറുടെ മരണത്തെ നിസ്സാരവല്‍ക്കരിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പക്ഷെ ആരും അല്‍ഭുതപ്പെട്ടില്ല. ‘കുറ്റവാളികള്‍ ഒന്നുകില്‍ ജയിലിലടക്കപ്പെടും, അല്ലെങ്കില്‍ ഏറ്റു മുട്ടലുകളില്‍ കൊല്ലപ്പെടും’ എന്ന് പ്രഖ്യാപിച്ചയാളാണ് ഈ യോഗി! 2017 നവംബര്‍ 19 ന് ആദിത്യ നാഥ് ഇത് പറഞ്ഞപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അതി രൂക്ഷമായി അതിനോട് പ്രതികരിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് യോഗി യു.പിയില്‍ ഭരണമേല്‍ക്കുന്നത്.ഈ ഇരുപത് മാസത്തിനിടയില്‍ 60 പേരാണ് പൊലീസുമായുള്ള ‘ഏറ്റുമുട്ടലി’ല്‍ കൊല്ലപ്പെട്ടത്! 1100 ഏറ്റുമുട്ടലുകളാണത്രെ ഇക്കാലയളവില്‍ സംസ്ഥാനത്ത് അരങ്ങേറിയത്. 370 പേര്‍ക്ക് ഇതില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ യു.പിയെ നശിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ക്കാണ് യോഗി നേരിട്ട് നേതൃത്വം നല്‍കുന്നത്. അത്തരത്തിലൊരാള്‍ക്ക് ബുലന്ദ് ശഹര്‍ കത്തുമ്പോള്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിക്കുന്നതില്‍ എന്ത് മനസ്സാക്ഷിക്കുത്താണ് ഉണ്ടാവുക? പൊലീസ് ഉേദ്യാഗസ്ഥന്റെ മരണം അയാളെ എങ്ങിനെയാണ് ഖിന്നനാക്കുക? ബുലന്ദ് ശഹറില്‍ വര്‍ഗീയവാദികള്‍ അഴിഞ്ഞാടുമ്പോള്‍
മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഷോ കാണുന്ന ദൃശ്യം യോഗി തന്നെയാണ് ട്വീറ്റ് ചെയ്തത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് ഗോഹത്യയുടെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 29 പേരെയാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 37 സംഭവങ്ങളിലായി നൂറ്റി അറുപതോളം മനുഷ്യര്‍ രാജ്യത്ത് പശുവിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരില്‍ 65 ശതമാനവും മുസ്‌ലിംകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. 11 ശതമാനം ദളിതരും ബാക്കി സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിഭാഗങ്ങളുമാണ് പശു ഭീകരതയില്‍ എരിഞ്ഞൊടുങ്ങുന്നത്. സംഭവം നടക്കുന്നതധികവും ബി.ജെ.പി ഭരിക്കുന്ന സ്‌റ്റേറ്റുകളിലാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സുബോധ് കുമാര്‍ സിംഗ് ഒരു തുടര്‍ച്ചയുടെ ഭാഗം മാത്രമാണ്.തങ്ങളുടെ ഒരു പേക്കൂത്തും പുറം ലോകത്തെ അറിയിക്കരുതെന്ന വ്യക്തമായ സന്ദേശമാണ് ഉദേ്യാഗസ്ഥര്‍ക്ക് സംഘ് പരിവാര്‍ ഇത്തരം കൊലപാതകങ്ങളിലൂടെയും നല്‍കിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ സത്യം വിളിച്ചു പറഞ്ഞാല്‍ എത്ര ഉന്നതനായാലും ദുരിതമനുഭവിക്കേണ്ടി വരുമെന്നതാണ് വര്‍ത്തമാന ഇന്ത്യ വിളിച്ചു പറയുന്ന പരമമായ സത്യം.മലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്തതോടെ ഹേമന്ത് കര്‍ക്കരെ അവരുടെ നോട്ടപ്പുള്ളിയായി. തീവ്ര ഹിന്ദുത്വ സംഘടനകള്‍ സ്‌ഫോടനങ്ങളും സംഘര്‍ഷങ്ങളും ആസൂത്രണം ചെയ്യുന്നതായി വെളിച്ചത്തു കൊണ്ടു വന്നത് കര്‍ക്കരെ ആയിരുന്നു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പരസ്യ വിമര്‍ശനത്തിന് വിധേയനായ അദ്ദേഹത്തിന് നിരവധി തവണ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. 2008 നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിനിടെയാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ തീര്‍ത്തും ദുരൂഹമായി കൊല്ലപ്പെടുന്നത്.മരണം വരെ അദ്ദേഹത്തിന്റെ ഭാര്യ കവിതാ കര്‍ക്കരെ ചോദിച്ചു കൊണ്ടിരുന്ന സംശയങ്ങള്‍ക്ക് ഒരധികാരിക്കും വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.മഹാരാഷ്ട്ര പൊലീസിലെ മുന്‍ ഐ.ജി.യായിരുന്ന എസ്.എം മുഷ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കാര്‍ക്കരെ റിയല്‍ ഫേസ് ഓഫ് ടെററിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ കാര്‍ക്കരെയെ വധിച്ചത് പാക് ഭീകരരല്ലെന്നും ഹിന്ദുത്വ ഭീകരവാദികളാണെന്നും തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ് റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്ത മുംബൈ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണം ഇന്നും ദുരൂഹമായിത്തുടരുന്നു. 2014 ഡിസംബര്‍ ഒന്നിന് നാഗ് പൂരില്‍ ഒരു വിവാഹച്ചടങ്ങിനെത്തിയ അദ്ദേഹം ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൂറു കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു.മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ലോയയുടെ സുരക്ഷ പിന്‍വലിച്ചതും വലിയ ചോദ്യമാണുയര്‍ത്തിയത്. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിത്യ വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ 22 വര്‍ഷം പഴക്കമുള്ള ഒരു പരാതിയില്‍ ഗുജറാത്ത് സി.ഐ.ഡി.സെപ്തംബര്‍ അഞ്ചിനു അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്
തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള ഏതൊരു നീക്കവും ഫാഷിസം വെച്ചു പൊറുപ്പിക്കില്ല എന്നതാണ് ചരിത്രം. മുതിര്‍ന്ന പത്ര പ്രവര്‍ത്തകയും ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ്, എഴുത്തുകാരനായ ഡോ: നരേന്ദ്ര ദഭോല്‍കര്‍, കന്നഡ സാഹിത്യകാരന്‍ ഡോ: എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളിലൊക്കെ സംഘ് പരിവാറിന്റെ പങ്ക് സ്പഷ്ടമായതാണ്.
നാലര വര്‍ഷം കൊണ്ട് സകല മേഖലയിലും പിന്നാക്കം പോയ രാജ്യത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ രാജ്യ വാസികള്‍ പുതിയ വഴികള്‍ തേടുമ്പോഴാണ് അയോദ്ധ്യയുള്‍പ്പടെ സജീവ ചര്‍ച്ചയാക്കി മാറ്റി അധികാരത്തിലെത്താന്‍ സംഘ്പരിവാര്‍ വീണ്ടും കുറുക്ക് വഴികള്‍ തേടുന്നത്.750 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ച 1064 രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച കര്‍ഷകന്‍ ഇന്ത്യയുടെ വര്‍ത്തമാന മുഖമാണ്.
2010 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ രാജ്യം തെരഞ്ഞെടുത്തത് നാസിക്കിലെ ഈ ഉള്ളി കര്‍ഷകനെയായിരുന്നു.വഴുതനക്ക് കിലോ ഇരുപത് പൈസയായപ്പോള്‍ രണ്ടര ഏക്കര്‍ വഴുതനപ്പാടം വെട്ടി നശിപ്പിച്ച് പ്രതിഷേധിച്ച കര്‍ഷകനും വിളിച്ചു പറയുന്നത് മറ്റൊന്നല്ല. രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടിയ ഹത ഭാഗ്യരുടെ തലയോട്ടികളുമായി ഡല്‍ഹിയിലും പരിസരങ്ങളിലും നഗ്‌നപാദരായി പ്രതിഷേധിക്കുന്നവരും മോദിയുടെ ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ്.

News

വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം

രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

Published

on

റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.

Continue Reading

local

റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍

കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

Published

on

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.

റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.

Continue Reading

Video Stories

വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

Published

on

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .

Continue Reading

Trending