ഫെയ്‌സ്ബുക്കിലെ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ സൂക്ഷിക്കുക; നിങ്ങള്‍ക്ക് സംഭവിക്കാന്‍ പോവുന്നത് ഇതാണ്

തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ പ്രവചനങ്ങളില്‍ പരീക്ഷണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഫെയ്‌സ്ബുക്ക് എക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിനും സ്വകാര്യ വിവരങ്ങള്‍ ചോരാനും ഇത് കാരണമാവുമെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഫേസ്ബുക്കിലെ പ്രവചനങ്ങളിൽ 
പരീക്ഷണം നടത്തുന്നവർ സൂക്ഷിക്കുക:
നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടേക്കാം…

“അടുത്ത ജന്മത്തിൽ നിങ്ങൾ ആരാകും? 
നിങ്ങളുടെ മരണവാർത്ത എന്തായിരിക്കും? 
ഇതിഹാസങ്ങളിൽ നിങ്ങളുമായി സാമ്യമുള്ള കഥാപാത്രം ആരാണ്? ” 
തുടങ്ങിയ യുക്തിരഹിതമായ പ്രവചനങ്ങളുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന ലിങ്കുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നവർ ശ്രദ്ധിക്കുക. ഇത്തരം ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെ പ്രവർത്തന സജ്ജമാകുന്ന ആപ്ലിക്കേഷനുകളിലൂടെ നിങ്ങളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടാനും അതിലൂടെ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നഷ്ടമാകാനും സാധ്യതയേറെയാണ്. ഈ ലിങ്ക് വഴി ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ഇൻസ്റ്റാൾ ആകുന്ന ആപ്പുകളിലൂടെ നിങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുക്കുവാനുമുള്ള അവസരവുമാണ് തട്ടിപ്പുകാർക്ക് നൽകുന്നതെന്നോർക്കുക.

ഫേസ്ബുക്കിൽ ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുപോലുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവരുടെ ആയിരക്കണക്കിന് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. പരിചയമില്ലാത്ത വിദേശികളുടെ ഫ്രണ്ട് റിക്വസ്റ്റ് അവഗണിക്കണം. അവര്‍ തരുന്ന ലിങ്കുകള്‍ തുറക്കരുത്. മലയാളികളുടെ അടക്കം അഞ്ഞൂറില്‍ അധികം ആളുകളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഇതിനോടകം #isaac_odenttem എന്ന പേരില്‍ ഹാക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു.

അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ പ്രൈവസി സെറ്റിങ്സിലും, സെക്യൂരിറ്റി സെറ്റിങ്സിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുക. നിങ്ങളുടെ അക്കൗണ്ടിൽ സെക്യൂരിറ്റി സെറ്റിങ്സിൽ Apps and Websites എന്ന മെനുവിലൂടെ നിങ്ങൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾ കാണുവാൻ സാധിക്കും. അതിലുള്ള ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുക. വ്യാജആപ്പുകൾ വഴി Data Sharing ഓപ്ഷനിലൂടെ വിവരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ Apps, websites and games മെനുവിൽ സെറ്റിംഗ്സ് Turn Off ചെയ്യുക. കൂടാതെ ഫെയ്സ്ബുക്കിന്റെ സെറ്റിങ്സിൽ Security and login തിരഞ്ഞെടുത്താൽ ടൂ ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ് ചെയ്തും സുരക്ഷ ഉറപ്പാക്കാം.

SHARE