കോഴിക്കോടിന്റെ മുഖച്ഛായമാറ്റിയ വികസനം രാഘവന് പിന്തുണയുമായി ജനാധിപത്യ മതേതര സംഗമം

കോഴിക്കോട്: കോഴിക്കോട്ടെ വികസന നേട്ടങ്ങള്‍ പങ്കുവെച്ചും രാജ്യത്ത് നിലനില്‍ക്കുന്ന സവിശേഷ സാഹചര്യം ചര്‍ച്ചചെയ്തും സാംസ്‌കാരിക, കലാ, രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒത്തുചേര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ.രാഘവന് പിന്തുണയര്‍പ്പിച്ച് ആഴ്ചവട്ടം പി.വി ഗംഗാധരന്റെ വീട്ടിലാണ് ജനാധിപത്യ മതേതരസംഗമം നടന്നത്.
കഴിഞ്ഞ പത്ത്‌വര്‍ഷം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ എം.കെ രാഘവന് നേട്ടമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡോ.എം.ജി.എസ് നാരായണന്‍ പറഞ്ഞു. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താനുള്ള കൂട്ടായ്മ വിജയം വരിക്കണമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.
സംഗമം പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. മതേതരത്വവും ജനാധിപത്യവും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായിരിക്കുന്നു. വിദ്വേഷത്തിനെതിരെ സ്‌നേഹം വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ചോദ്യംചെയ്യുന്നവരെ കൊലപ്പെടുത്തുന്നതാണ് സംഘപരിവാര്‍ രാഷ്ട്രീയമെന്ന് മുനീര്‍ പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്ത് എഴുത്തുകാര്‍ കൊലചെയ്യപ്പെട്ട സംഭവത്തിലടക്കം ഭരണകൂടത്തിന്റെ മൗനാനുവാദമുണ്ടായിട്ടുണ്ട്. തന്റെചിന്താഗതിക്ക് അനുസരിച്ച് എഴുതുമ്പോള്‍ എതിര്‍ശബ്ദങ്ങളെ കേള്‍ക്കാനുള്ള സഹിഷ്ണുത പോലുമില്ല. കേന്ദ്രത്തിലെ മോദിസര്‍ക്കാരിനെ അനുകരിക്കാനാണ് കേരളത്തില്‍ പിണറായി സര്‍ക്കാരും ശ്രമിക്കുന്നത്. അഭിപ്രായവ്യത്യാസമുള്ളവരെ അക്രമിച്ചും കൊലപ്പെടുത്തിയും അധികാരം ഉറപ്പിക്കാനാണ് സി.പി.എം ശ്രമമെന്ന് ഡോ.എം.കെ മുനീര്‍ കൂട്ടിചേര്‍ത്തു.
സ്ഥാനാര്‍ഥി എം.കെ.രാഘവന്‍, സാഹിത്യകാരന്‍ യു.കെ കുമാരന്‍, സിനിമാനിര്‍മാതാവ് പി.വി.ഗംഗാധരന്‍, ഡോ.ആര്‍സു, എന്‍.ഇ.ബാലകൃഷ്ണമാരാര്‍, പി.ആര്‍ നാഥന്‍, കോഴിക്കോട് നാരായണന്‍ നായര്‍, എം.സി മായിന്‍ഹാജി, ഉമ്മര്‍പാണ്ടികശാല, ശത്രുഘ്‌നന്‍, കമാല്‍ വരദൂര്‍, നവാസ് പൂനൂര്‍, പി.വി.കുഞ്ഞികൃഷ്ണന്‍, എ.സജീവന്‍, ഇ.പി. ജ്യോതി, അനീസ് ബഷീര്‍, പി.ദാമോദരന്‍, സന്ദീപ് അജിത് കുമാര്‍, തേജസ് പെരുമണ്ണ, സുനില്‍കുമാര്‍ കോഴിക്കോട്, എന്‍.സി അബൂബക്കര്‍, അഡ്വ പി.എം സുരേഷ്ബാബു, ദിനേശന്‍ എരഞ്ഞിക്കല്‍, ലിംസി ആന്റണി, ഫാ.റെജി, ലത്തീഫ് പറമ്പില്‍, കെ.സി.അബു, പി.എം. നിയാസ്, ബേപ്പൂര്‍ രാധാകൃഷ്ണന്‍, ആഷിക് ചെലവൂര്‍, ടി.പി.എം ഹാഷിര്‍ അലി, ദിവ്യശ്രീ, അഡ്വ എം രാജന്‍, സെബാസ്റ്റ്യന്‍ ജോണ്‍ സംസാരിച്ചു.