റായ്ബറേലി: ദൈവത്തിന്റെ പേരിലും കള്ളം പറയുന്ന നേതാവാണ് പ്രധാനമന്ത്രി മോദിയെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. കളവുകള്‍ മാത്രം പറയുന്ന വ്യക്തിയാണ് നമ്മുടെ പ്രധാനമന്ത്രി. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന വ്യക്തിയാണെന്നും രാഹുല്‍ പറഞ്ഞു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക കടങ്ങള്‍ എഴുതി്ത്തള്ളുമെന്ന വാഗ്ദാനം താന്‍ പാലിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി. എന്നാല്‍ മോദി ഒരിക്കലും പാവപ്പെട്ട കര്‍ഷകരെക്കുറിച്ച് ചിന്തിക്കുന്നില്ല. തന്റെ 15-20 വന്‍ വ്യവസായികളായ സുഹൃത്തുക്കളുടെ കാര്യം മാത്രമാണ് മോദി ചിന്തിക്കുന്നത്. തന്റെ കോര്‍പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടി 3.5 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി എഴുതിത്തള്ളിയത്. എന്നാല്‍ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന പാവം കര്‍ഷകരുടെ ഒരു രൂപ പോലും എഴുതിത്തള്ളാന്‍ മോദി തയ്യാറായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.