ഒടുവിലാ തുഴ കിട്ടി

നസീര്‍ മണ്ണഞ്ചേരി
ആലപ്പുഴ

ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനും അന്വേഷണങ്ങള്‍ക്കുമൊടുവില്‍ നെഹ്‌റുട്രോഫി ജലോത്സവ വേദിയില്‍ സച്ചിന് സമ്മാനിച്ച ശേഷം അപ്രത്യക്ഷമായ തുഴ കണ്ടെത്തി. മാധ്യമ വാര്‍ത്തക്ക് പിന്നാലെ വിദേശ വനിത പ്രസ്തുത തുഴയുമായി പോകുന്ന ചിത്രവും സോഷ്യല്‍ മിഡിയയില്‍ വൈറലായതോടെ ഒരുസംഘം ടൂറിസം വകുപ്പിന്റെ പുന്നമടയിലെ ഓഫീസില്‍ തുഴ എത്തിക്കുകായിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 31ന് പുന്നമടയില്‍ നടന്ന നെഹ്‌റുട്രോഫിയുടെയും പ്രഥമ സിബിഎല്ലിന്റെയും ഉദ്ഘാടന വേദിയിലായിരുന്നു കുതിക്കുന്ന ചുണ്ടനില്‍ ക്രിക്കറ്റ് ബാറ്റുമായി നില്‍ക്കുന്ന സച്ചിന്റെ ചിത്രം വരച്ച തുഴ ചിത്രകാരനായ ആലപ്പുഴ കൃപ ആര്‍ട്ടിലെ അജേഷ് ജോര്‍ജ്ജ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് സമ്മാനിച്ചത്.
മടക്കയാത്രയില്‍ കൊണ്ടുപോകുന്നതിനുള്ള ഉപഹാരങ്ങള്‍ ക്രമീകരിക്കുമ്പോഴാണ് സച്ചിനെ ഏറെ ആകര്‍ഷിച്ച സമ്മാനം നഷ്ടമായ വിവരം അറിയുന്നത്. ഇത് സംബന്ധിച്ച് ചന്ദ്രികയില്‍ വാര്‍ത്ത വരികയും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനിടെ സ്പീഡ് ബോട്ടില്‍ ഒരു സംഘം ആളുകള്‍ക്കൊപ്പം വിദേശ വനിത തുഴ ഉയര്‍ത്തിപിടിച്ച് കായല്‍ പരപ്പിലൂടെ സഞ്ചരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ടൂറിസം വകുപ്പിന്റെ പുന്നമടയിലെ ഓഫീസില്‍ ഒരു സംഘം തുഴ എത്തിക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച തുഴ ഒരു സംഘം ആളുകള്‍ ഓഫീസില്‍ എത്തിച്ചു നല്‍കുകയായിരുന്നുവെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അഭിലാഷ് പറഞ്ഞു.
തുടര്‍ന്ന് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും വള്ളംകളിയുടെ ചുമതല വഹിച്ച ഡപ്യൂട്ടി കളക്ടര്‍ കൃഷ്ണ തേജയുടെ ഓഫീസിലേക്ക് തുഴ കൈമാറി. ഇന്നലെ വൈകിട്ട് സച്ചിനുമായി ബന്ധപ്പെട്ടവര്‍ക്ക് തുഴ നല്‍കാനായിരുന്നു തീരുമാനമെങ്കിലും തുഴയിലെ ചിത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അത് പരിഹരിക്കുന്നതിനായി ചിത്രകാരന്‍ അജേഷ് തുഴ ഏറ്റുവാങ്ങി. തിങ്കളാഴ്ചക്കുള്ളില്‍ ചിത്രത്തിലെ കുഴപ്പങ്ങള്‍ പരിഹരിച്ച് സച്ചിന് അയച്ചു കൊടുക്കാനാണ് തീരുമാനം.
തുഴകാണാതായ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും തുഴ തിരുച്ചു ലഭിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നും ആലപ്പുഴ ഡിവൈഎസ്പി പി. വി ബേബി അറിയിച്ചു.

SHARE