പിണറായിക്കു പഠിച്ച് സുരേഷ് ഗോപി സെല്‍ഫിയെടുക്കാന്‍ വന്ന വിദ്യാര്‍ഥിയെ തട്ടിമാറ്റി

തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരിലെ എളവള്ളി പള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന് എത്തിയപ്പോഴാണ് സംഭവം.

സുരേഷ് ഗോപി എത്തിയതോടെ കുട്ടികള്‍ ചുറ്റും വന്നുനിന്നു. അതിനിടെ ഒരു വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ടപ്പോഴായിരുന്നു ക്ഷുഭിതനായി സുരേഷ് ഗോപി കൈ തട്ടിയകറ്റിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

നേരത്തെ പാലായില്‍ പ്രചരണ യോഗത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ ഹസ്തദാനത്തിന് ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകനെ മുഖ്യമന്ത്രി പിണറായി വിജയനും അവഗണിച്ചിരുന്നു. കൈ വലിച്ചുകളഞ്ഞ മുഖ്യമന്ത്രി ഹസ്തദാനത്തിന് തയ്യാറായില്ല. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകനെ തട്ടിമാറ്റുകയും ചെയ്തു.