ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്റെ നാനാത്വത്തെ അംഗീകരിക്കാത്തവരെയാണ് രാജ്യസ്‌നേഹികള്‍ എന്നു വിളിക്കുന്നതെന്ന് സോണിയാ ഗാന്ധി പറഞ്ഞു. ദേശസ്‌നേഹത്തിന് മറ്റൊരു അര്‍ഥം കൂടിയുണ്ടെന്ന് അവര്‍ ജനങ്ങളെ പഠിപ്പിച്ചുവെന്നും സോണിയ കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ.

അഭിപ്രായ ഭിന്നതകളെ മാനിക്കാത്ത സര്‍ക്കാറാണ് മോദിയുടേത്. വിശ്വാസത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുകയാണ് ജനം. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഓടിയൊളിക്കുകയാണ് ഭരണകൂടമെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു. ആസൂത്രിത ഗൂഢാലോചനയിലൂടെ രാജ്യത്തിന്റെ ആത്മാവിനെ തന്നെ തകര്‍ക്കുന്നു. ആശങ്കാജനകമായ അവസ്ഥയാണിത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും സോണിയ കൂട്ടിച്ചേര്‍ത്തു.