ന്യൂഡല്‍ഹി: രാജ്യം പരിപാലിക്കാതെ വിദേശയാത്ര തുടര്‍ക്കഥയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ‘തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്ന് ലോകം ചുറ്റുകയാണ് മോദി. അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു, അമേരിക്കയില്‍ പോയി കെട്ടിപ്പിടിച്ചു, പാകിസ്ഥാനില്‍ പോയി ബിരിയാണി കഴിച്ചു, ചൈനയില്‍ പോയും കെട്ടിപ്പിടിച്ചു. പക്ഷേ, നിങ്ങള്‍ എപ്പോഴെങ്കിലും വരാണസിയിലെ പാവപ്പെട്ട കുടുംബത്തെ ഒരു നോക്കു കണ്ടിട്ടുണ്ടോ’-പ്രയങ്ക ചോദിച്ചു.

ഗാസിയാബാദിലെ റോഡ്‌ഷോയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് പ്രിയങ്ക ഗാന്ധി മോദിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. നിങ്ങള്‍ നല്‍കിയ അധികാരത്തിലാണ് ഭരണത്തിലേറിയതെന്നു പോലും അവര്‍ മറന്നു. അതുകൊണ്ട് നന്നായി ചിന്തിച്ചു മാത്രം വോട്ടു ചെയ്യുക. നെഹ്രുവും ഇന്ദിരയും എന്തു ചെയ്തു എന്ന് അന്വേഷിക്കുന്നതിനു മുമ്പ് അഞ്ചു കൊല്ലം കൊണ്ട് താന്‍ എന്തു ചെയ്തു എന്ന് മോദി പറയട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.