ന്യൂഡല്‍ഹി: ആണവവാഹക ഉപരിതല- ഉപരിതല മിസൈലായ അഗ്‌നി -4 ഇന്ത്യ വീണ്ടും വിജയകരമായി വിക്ഷേപിച്ചു. ഒഡീസയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. അത് അഞ്ചാം തവണയാണ് അഗ്‌നി -4 വിജയകരമായി പരീക്ഷിക്കുന്നത്. നിലവില്‍ സൈന്യത്തിന്റെ ഭാഗമായ മിസൈല്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആര്‍.ഡി.ഒ)ആണ് വികസിപ്പിച്ചത്.

ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-5ന്റെ പരീക്ഷണ വിജയത്തിന് ഒരാഴ്ച പിന്നിടവെയാണ് പ്രതിരോധ രംഗത്തെ അടുത്ത നേട്ടവും. 4000 കിലോമീറ്ററാണ് അഗ്‌നി-4ന്റെ ദൂരരപരിധി. ഒരാഴ്ച മുമ്പ് വിജയകരമായി പരീക്ഷിച്ച അഗ്‌നി-5ന്റെ ദൂരപരിധി 5000 കിലോമീറ്ററായിരുന്നു. അഗ്‌നി-4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമാണുള്ളത്.

ഒരു ടണ്‍ ഭാരമുള്ള ആണവ പോര്‍മുന ഘടിപ്പിക്കാന്‍ മിസൈലിനാകും. ഭാരക്കുറവാണ് മറ്റ് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ ഗണത്തില്‍ അഗ്‌നി-4ന്റെ പ്രത്യേക സവിശേഷത. ഭൗമോപരിതലത്തിലേക്കുള്ള തിരിച്ചെത്തലടക്കം സമയങ്ങളില്‍ താപനില നിയന്ത്രിച്ചുള്ള ബാലിസ്റ്റിക് മിസൈലുകളുടെ പ്രവര്‍ത്തനം സങ്കീര്‍ണമാണ്. അഞ്ചാം തലമുറ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് അഗ്‌നി-4ല്‍ ഉപയോഗിച്ചിരിക്കുന്നത്.