പനാജി: നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗോവയില്‍ ബിജെപിക്ക് പ്രഹരമേകി മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി. ഗോവയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്‍വലിച്ചു.

അടുത്തിടെ മന്ത്രിസഭയില്‍ നിന്നും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ മന്ത്രിമാര്‍ പുറത്ത് വന്നിരുന്നു.ബിജെപിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചത്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി അദ്ധ്യക്ഷന്‍ ദിപക് ദിവാലികര്‍ ഗോവ ഗവര്‍ണര്‍ക്ക് തങ്ങളുടെ മൂന്ന് എംഎല്‍എമാരും സര്‍ക്കാറിന് നല്‍കി വന്ന പിന്തുണ പിന്‍വലിക്കുകയാണെന്ന് കത്ത് നല്‍കിയിട്ടുണ്ട്.

ഇനി ബിജെപിയുമായി സഖ്യത്തിനില്ലെന്നും പുതിയ സഖ്യ സാധ്യതകള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും ദിപക് ദിവാലികര്‍ പറഞ്ഞു. ആര്‍എസ്എസില്‍ നിന്നും പുറത്തു പോയവര്‍ രൂപീകരിച്ച ഗോവ സുരക്ഷ മഞ്ചുമായി സഖ്യമുണ്ടാക്കി മത്സരിക്കാനാണ് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ തീരുമാനം.