നൂറു കോടിയിലധികം വ്യക്തികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള പ്രതിഭാസമായി സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ് ബുക്ക് മാറിയിരിക്കുകയാണ്. എതിരാളികളില്ലാത്ത ലോകത്തെ ഒരു പ്രതിഭാസമായും ഇത് മാറിയിരിക്കുകയാണ്. സുക്കര്‍ ബര്‍ഗിന്റെ തലയില്‍ ഉദിച്ച ഈ ചെറിയ ആശയം ഇന്ന് കോടിക്കണക്കിന് ആളുകളുടെ മനസിലേക്കാണ് കടന്നുകയറിയത്. ലോകത്ത് ഏറ്റവും പ്രചാരമുള്ളതും ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം പേര്‍ സന്ദര്‍ശിക്കുന്ന ഇന്റര്‍നെറ്റ് സൈറ്റ് കൂടിയാണ് ഫേസ് ബുക്ക്.
ആറു വര്‍ഷം കൊണ്ട് 50 കോടിയിലധികം അംഗ സംഖ്യയാണ് ഫേസ് ബുക്കിന് വര്‍ധിച്ചത്. രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും ഇത് നൂറു കോടിയിലധികം കവിഞ്ഞു. ഇതിന്റെ വളര്‍ച്ചക്ക് കൃത്യമായ കണക്ക് പോലും കിട്ടാത്ത അവസ്ഥയാണ്. ഇന്ത്യ പോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും വലിയ കുതിപ്പ്.
ആഗോള തലത്തില്‍ ഇരുന്നൂറില്‍ അധികം മേഖലകളില്‍ ഫേസ് ബുക്ക് അതിന്റെ സാന്നിധ്യം അറിയിച്ചു. യു.എസില്‍ അംഗസംഖ്യ 16.6 കോടിയിലധികം കവിഞ്ഞു. ഭൂമിയില്‍ 9ല്‍ ഒരാള്‍ എന്ന തോതില്‍ ഫേസ് ബുക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 700 ലക്ഷം കോടി മിനുട്ടുകളാണ് പ്രതിമാസം ആളുകള്‍ ഫേസ് ബുക്കില്‍ ചെലവഴിക്കുന്ന സമയം. ആഗോള തലത്തില്‍ 60 കോടിയിലധികം ആളുകള്‍ മൊബൈല്‍ ഡിവൈസിലൂടെ ഫേസ് ബുക്ക് ആക്‌സസ് ചെയ്യുന്നു. 30 ലക്ഷം കോടി ഉള്ളടക്കങ്ങള്‍ ഓരോ മാസവും ഷെയര്‍ ചെയ്യുകയും പ്രതിദിനം 20 ദശലക്ഷം അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയും ചെയ്യുന്നു. ഓരോ ദിവസവും 3.2 ലക്ഷം കോടി ലൈക്കുകളും കമന്റുകളും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെടുന്നു. അറുപത് ശതമാനവും നിത്യ സൈറ്റ് സന്ദര്‍ശകരാണ്.