തിരുവനന്തപുരം: കോവളം എം.എല്‍.എ എം. വിന്‍സെന്റിനെതിരായ ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് തുറന്നടിച്ച് പരാതിക്കാരിയുടെ സഹോദരിയും രംഗത്ത്. എം.എല്‍.എക്കെതിരായ ആരോപണത്തിനും ഗൂഢാലോചനക്കും പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനാണെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിക്കുന്നു. പത്ത് വര്‍ഷത്തിലധികമായി പരാതിക്കാരി മാനസിക രോഗത്തിന് മരുന്നു കഴിക്കുന്നുണ്ടെന്നും അവര്‍ മാനസിക രോഗിയാണെന്നുമുള്ള ഗുരുതര ആരോപണവുമായാണ് പരാതിക്കാരിയുടെ സഹോദരി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ തന്റെ സഹോദരി ഇതിനു മുന്‍പും ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
എം. വിന്‍സെന്റ് എം.എല്‍.എയെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ചെറുപ്പം മുതലേ അറിയാം. ഈ സംഭവത്തില്‍ പറയുന്നതുപോലെ അങ്ങനെയൊരു വ്യക്തിയല്ല അദ്ദേഹം എന്നും സഹോദരി പറയുന്നു. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് താന്‍ കരുതുന്നത്. എല്‍.ഡി.എഫുകാരനായ തങ്ങളുടെ സഹോദരനാണ് ഇതിനു പിന്നിലെന്നും സഹോദരി ആരോപിക്കുന്നു. എല്‍.ഡി.എഫുകാരനായ സഹോദരന് എം.എല്‍.എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതാണ് പ്രതികാരത്തിന് കാരണമെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിച്ചു.