ആലപ്പുഴ: സിപിഎമ്മിലെ നിരന്തര അവഗണനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞിക്കുഴിയിലെ മുതിര്‍ന്ന സിപിഎം നേതാവ് ടി. കെ പളനി സിപിഐയിലേക്ക് ചേക്കേറുന്നു. ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ടി.കെ പളനി ചര്‍ച്ച നടത്തി. സിപിഎമ്മില്‍ സമ്മേളന കാലം ആരംഭിച്ചത് മുതല്‍ മുന്‍കാലങ്ങളിലേത് പോലെ ഇത്തവണയും കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിക്ക് കീഴില്‍ രൂക്ഷമായ വിഭാഗീയതയാണ് നിലനില്‍ക്കുന്നത്.
അന്തരിച്ച സി. കെ ഭാസ്‌കരനുമായി ചേര്‍ന്ന് 2013ലെ സമ്മേളനകാലത്ത് പാര്‍ട്ടിയെ വെല്ലുവിളിച്ച് കഞ്ഞിക്കുഴിയിലും മുഹമ്മയിലും സമാന്തര സമ്മേളനവും പ്രകടനവും ടി. കെ പളനിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷം നേതൃത്വം അനുനയിപ്പിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്തുകയായിരുന്നു. ഇത്തവണ തനിക്കൊപ്പമുള്ളവരെ പാര്‍ട്ടി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്താന്‍ നേതൃത്വം തയാറാക്കാത്തതാണ് പാളനിയെ പ്രകോപിപ്പിച്ചത്. ആശ്രിതത്വമാണ് സിപിഎമ്മിന് ഇപ്പോള്‍ വേണ്ടതെന്ന് പളനി പറയുന്നു. ഇതിന് തന്നെ കിട്ടില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം സിപിഎമ്മില്‍ നഷ്ടപ്പെട്ടിരിക്കുന്നു. തനിക്കൊപ്പം നിരവധി പ്രവര്‍ത്തകരും സിപിഐയിലേക്ക് പോകാന്‍ തയാറായി രംഗത്തുണ്ടെന്ന് പളനി പറയുന്നു.
രക്തസാക്ഷി കുടുംബത്തില്‍ ജനിച്ച ടി. കെ പളനി 1991ല്‍ സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതിന് ശേഷം പാര്‍ട്ടിയുടെ നേതൃനിരയില്‍കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. മാരാരിക്കുളത്തും കഞ്ഞിക്കുഴിയിലും പാര്‍ട്ടി ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ ഏറെ അധ്വാനിച്ച പളനി വി.എസ് അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നതയുടെ പേരിലാണ് ശ്രദ്ധേയനാകുന്നത്.
മുഖ്യമന്ത്രി സ്വപ്‌നവുമായി നടന്ന വി.എസ് അച്യുതാനന്ദന്‍ 1996ല്‍ മാരാരിക്കുളത്തിന്റെ ചുവന്നമണ്ണില്‍ പരാജയപ്പെട്ടതിന് പിന്നില്‍ പളിനിക്ക് വ്യക്തമായ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വി.എസിന്റെ പരാജയത്തിന് കാരണം ടി. കെ പളനിയും കഞ്ഞിക്കുഴി ഏരിയ സെക്രട്ടറിയായിരുന്ന സി. കെ ഭാസ്‌ക്കരനുമാണെന്ന് പറഞ്ഞ് ഇരുവരെയും പാര്‍ട്ടി പുറത്താക്കുകയുമാണ് ചെയ്തത്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനെ വി.എസ് സ്വാധീനിച്ചാണ് ഇവരെ പുറത്താക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരേയും സിപിഎം തിരിച്ചെടുക്കുകയും ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ പങ്ക് അന്വേഷിക്കണമെന്ന് സമീപകാലത്ത് പളിനി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഏറെ ചര്‍ച്ചയായിരുന്നു.