മതം, ജാതി, വംശം, സമുദായം, ഭാഷ എന്നിവ തെരഞ്ഞെടുപ്പില്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച നടത്തിയ വിധിന്യായം ചരിത്ര പ്രാധാന്യമുള്ളതാണ്. ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസുമാരായ മദന്‍ ബി. ലോക്കൂര്‍, എസ്.എ ബോബ്‌ഡേ, എന്‍.എന്‍ റാവു എന്നിവരുടെ ഭൂരിപക്ഷ വിധിയാണ് ഇനി രാജ്യത്തെ നിയമമാകുക. ഒറ്റ നോട്ടത്തില്‍, ഇന്ത്യപോലെ വൈവിധ്യമാര്‍ന്ന മത, ജാതി, സമുദായ, ഭാഷാ പ്രാതിനിധ്യമുള്ളൊരു രാജ്യത്ത് ഈ വിധിക്ക് ഏറെ പ്രസക്തിയുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഈ വിഭാഗങ്ങളുടെ പരാതികളും ആവശ്യങ്ങളും തെരഞ്ഞെടുപ്പില്‍ പറയരുതെന്നു പറഞ്ഞാല്‍ എങ്ങനെ ന്യായീകരിക്കാനാവുമെന്ന ചോദ്യമാണ് പലരും ഉയര്‍ത്തിയിരിക്കുന്നത്. 1995ല്‍ സുപ്രീം കോടതി ജഡ്ജി ജെ.എസ് വര്‍മ ഹിന്ദുത്വം എന്നത് ഒരു മതമല്ലെന്നും ‘ജീവിത രീതിയും മാനസികാവസ്ഥയു’ മാണെന്ന് വിധി പ്രസ്താവിക്കുകയുണ്ടായി. ഇതിനെതിരെ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നല്‍കിയ ഹര്‍ജി തള്ളുകയാണ് സുപ്രീംകോടതി ഇതോടൊപ്പം ചെയ്തിരിക്കുന്നത്. വിധിയെ ബി.ജെ.പി സ്വാഗതം ചെയ്യുമ്പോള്‍ മറുഭാഗത്ത് ഒരു പന്തിയില്‍ രണ്ടുതരം വിളമ്പ് എന്ന പരാതി ഉയര്‍ന്നിരിക്കുന്നു. കാഞ്ച ഐലയ്യയെ പോലുള്ള പ്രമുഖ ബുദ്ധിജീവികള്‍ കോടതി വിധിയെ എതിര്‍ക്കുന്നത് ഈ ആശങ്കകൊണ്ടാണ്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നീതി നിഷേധിക്കപ്പെടരുതെന്ന വ്യക്തമായ സന്ദേശമാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജസ്റ്റിസ് ചന്ദ്രചൂഡ്, എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരുടെ വിധി പ്രസ്താവത്തിലെ വരികള്‍ ഈയവസരത്തില്‍ ശ്രദ്ധേയമാണ് : ‘എങ്ങനെയാണ് ഇതിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തുക. മതം, ജാതി, സമുദായം തുടങ്ങിയവ സമൂഹത്തിലെ വലിയൊരു വിഭാഗത്തിന്റെ മേലുള്ള സാമൂഹികമായ അടിച്ചമര്‍ത്തലുകളുടെ പ്രതീകമാണ്. നീതിപൂര്‍വകമായ സാമൂഹിക ക്രമം സ്ഥാപിക്കുന്നതിനുള്ള ഭരണഘടനയുടെ അടിസ്ഥാന നയത്തിന്റെ ഭാഗമാണത്. ഒരു ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പ് എന്നത് സാമൂഹിക ജാഗരണത്തിന്റെ ഭാഗമാണ്. ‘ഒരാളുടെ കുറവുള്ളതെങ്കിലും ഭരണഘടനയുടെയും ഇന്ത്യന്‍ സാമൂഹിക ജീവിതത്തിന്റെയും വര്‍ത്തമാനകാലവികാരം പ്രകടിപ്പിക്കുന്ന അതിശക്തവും വ്യക്തവുമായ വാചകങ്ങളാണിവയെന്ന് സമ്മതിക്കാതെ വയ്യ’.

1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 123 (3) വകുപ്പില്‍ തെരഞ്ഞെടുപ്പില്‍ മതം ദുരുപയോഗം ചെയ്യുന്നത് സ്ഥാനാര്‍ഥിയുടെ അയോഗ്യതക്ക് കാരണമാകുമെന്ന് വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1976ലെ 42 ാം ഭേദഗതിയിലാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം എന്നുകൂടി ഉള്‍പ്പെടുത്തി ‘പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്’ എന്നാക്കി മാറ്റിയത്. മഹാരാഷ്ട്രയിലും മറ്റും മതം ദുരുപയോഗം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കോടതിയിലെത്തുകയും സ്ഥാനാര്‍ഥികളെ അയോഗ്യരാക്കുകയുമുണ്ടായി. ഹിന്ദുത്വത്തിന്റെ തീവ്ര വക്താവ് ശിവസേനാ തലവന്‍ ബാല്‍താക്കറെ ഇങ്ങനെ ആറു വര്‍ഷത്തേക്ക് മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കപ്പെട്ടയാളാണ്. 1992ല്‍ മഹാരാഷ്ട്രയിലെ അഭിരാംസിങിനെതിരായ മുംബൈ ഹൈക്കോടതി വിധിയിലെ അപ്പീലാണ് സുപ്രീംകോടതി ഇവിടെ പരിഗണിച്ചത്.

നിലവിലെ നിയമത്തിലെ ‘അയാളുടെ മതം’ എന്നാല്‍ സ്ഥാനാര്‍ഥിയുടെ മാത്രം മാത്രമല്ലെന്നും സ്ഥാനാര്‍ഥിയുടെ ഏജന്റ്, ബന്ധപ്പെട്ടവര്‍, വോട്ടര്‍മാര്‍ എന്നിവര്‍ക്കൊക്കെ ബാധകമാണെന്നും ഭരണഘടനാബെഞ്ചിലെ ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അടങ്ങുന്ന നാലു ജഡ്ജിമാര്‍ വിധിന്യായം നടത്തി. എന്നാല്‍ അയാളുടെ മതം എന്നത് സ്ഥാനാര്‍ഥിയുടെ മതം മാത്രമായിരിക്കണമെന്നും അതിനെ എല്ലാവരുടേതുമായി വ്യാഖ്യാനിക്കേണ്ടത് പാര്‍ലമെന്റായിരിക്കണമെന്നുമുള്ള വാദമാണ് എതിര്‍വാദം രേഖപ്പെടുത്തിയ മറ്റ് മൂന്നു ജഡ്ജിമാര്‍ പ്രകടിപ്പിച്ചിരിക്കുന്നത്. മതം, ജാതി, സമുദായം, ഭാഷ, വംശം എന്നിവയുടെ ദുരുപയോഗം അയോഗ്യതമാകുമെന്ന് പറയുമ്പോള്‍ മറ്റ് ചില ചോദ്യങ്ങളും അന്തരീക്ഷത്തില്‍ ഉയര്‍ന്നുവരാവുന്നതാണ്. എല്ലാ സമൂഹത്തിലും മതവും അതോടനുബന്ധിച്ചുള്ള ജാതികളും ഉപജാതികളും സമുദായങ്ങളും വര്‍ഗങ്ങളും ഭാഷകളുമൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെടുകയും അതിന്റെ ഭാരം ഇന്നും പേറുകയും ചെയ്യുന്ന സമുദായങ്ങളും ജാതികളും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആര്‍ക്കും പ്രത്യേകിച്ച് കാണിച്ചുകൊടുക്കേണ്ടവരല്ല. മതപരമായ ന്യൂനപക്ഷവിഭാഗങ്ങളുടെ കാര്യവും അതുതന്നെ.

ഭൂരിപക്ഷ മത വിഭാഗത്തിന്റെ കാരുണ്യത്തിലും ഔദാര്യത്തിലും കഴിയേണ്ടിവരുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അതുകൊണ്ടുതന്നെ എല്ലാ ആധുനിക പരിഷ്‌കൃത സമൂഹവും പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചുനല്‍കുന്നു. ന്യൂനപക്ഷങ്ങള്‍ സംബന്ധിച്ച യു.എന്‍ ചാര്‍ട്ടര്‍ ഇത്തരമൊന്നാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ താഴ്ന്ന ജാതിക്കാരെ പ്രത്യേക പട്ടികയിലുള്‍പെടുത്തിക്കൊണ്ടുള്ള സംവരണമാണ് മറ്റൊരു നിയമം. ഉത്തര്‍പ്രദേശിലെ ബഹുജന്‍ സമാജ് പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് തുടങ്ങിയവ ഈ ജനവികാരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

പുതിയ പശ്ചാത്തലത്തില്‍ കോടതി വിധിയെ തങ്ങള്‍ക്കനുകൂലമായി ദുരുപയോഗപ്പെടുത്താനുള്ള നീക്കമാണ് രാജ്യത്തെ ഭരണ കക്ഷിയായ ബി.ജെ.പി നോക്കുന്നത്. തുല്യതയെക്കുറിച്ച് പറയുന്ന ഭരണഘടനയിലെ പതിനാലാം വകുപ്പ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ന്യൂനപക്ഷാവകാശങ്ങളെക്കുറിച്ചുള്ള 29, 30 മുതലായ വകുപ്പുകള്‍. ന്യൂനപക്ഷാവകാശ കമ്മീഷനുകളും മറ്റും ഇത്തരുണത്തില്‍ സ്മരണീയമാണ്. രാജ്യത്ത് എല്ലാവരും തുല്യരാണെന്ന് പറയുമ്പോള്‍ തന്നെ സാമ്പത്തികമായും സാമൂഹികമായും അവശരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങളും ആകുലതകളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന തീര്‍ത്തും ന്യായമായ അനിവാര്യതയാണ് ഇതിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. ഹിന്ദുമതബിംബങ്ങളായ രാമനും ക്ഷേത്രവും മറ്റുമാണ് കാവി രാഷ്ട്രീയക്കാര്‍ വടക്കേ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിളമ്പിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞത് 1992 മുതലെങ്കിലും സാര്‍വജനീനമായ ഇന്ത്യന്‍ ദേശീയതയെ തീവ്ര ഹിന്ദുത്വ ദേശീയത കൊണ്ട് തച്ചുതകര്‍ക്കാനുള്ള കുടില നീക്കങ്ങള്‍ നടന്നുവരുന്ന ഫാസിസ കാലത്താണ് കോടതി വിധിയെന്നത് ആശ്വാസദായകമായി കരുതേണ്ടതാണെങ്കിലും ഫലത്തില്‍ മറിച്ചുള്ള ആശങ്കയാണ് മതേതര ഹൃദയങ്ങളില്‍ നിന്നുയരുന്നത്.